തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമോയെന്ന് ആശങ്ക.
കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിര്‍ദ്ദേശം ധനവകുപ്പിന്റെ മുന്നില്‍ ഇപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത്.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 25 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടു പോകുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കി. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നല്‍കിയിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്ര വാദം. കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ് കാലത്ത് അനുവദിച്ച അധിക വായ്പ വിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധന വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം തേടാനാണ് തീരുമാനം.
32,425 കോടി രൂപയാണ് സാമ്പത്തിക വര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യം തന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍, എല്‍.ഐ.സി തുടങ്ങിയവയില്‍ന ിന്നുള്ള വായ്പകളും ഇതില്‍പ്പെടും.
റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19 ന് (1000 കോടി) ,മെയ് രണ്ട് (2000 കോടി) മെയ് പത്ത് (1000 കോടി) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം. അതാണിപ്പോള്‍ ലഭിക്കാത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.