സമസ്ത നേതാവിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?.. ചോദ്യമുന്നയിച്ച് ഗവര്‍ണര്‍; പ്രതിഷേധമുയരാത്തത് ദുഖകരമെന്നും പ്രതികരണം

സമസ്ത നേതാവിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?.. ചോദ്യമുന്നയിച്ച് ഗവര്‍ണര്‍; പ്രതിഷേധമുയരാത്തത് ദുഖകരമെന്നും പ്രതികരണം

തിരുവനന്തപുരം: സമസ്ത നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കേരളീയ സമൂഹത്തില്‍ നിന്ന് പ്രതിഷേധമുയരാത്തതില്‍ അതിയായ ദുഖമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പെണ്‍കുട്ടി പൊതുസമൂഹത്തിന് മുന്നിലാണ് അപമാനിക്കപ്പെട്ടത്. സമസ്ത നേതാവിനെതിരെ കേസെടുക്കേണ്ടതാണെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ല എന്നതില്‍ തനിക്ക് ആശ്ചര്യമാണ് തോന്നുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യത്തില്‍ പെണ്‍കുട്ടി ഹിജാബ് ധരിച്ചിട്ടുള്ളതായി കാണാം. ആദ്യം മുതല്‍ തന്നെ താന്‍ പറയുന്ന കാര്യമിതു തന്നെയാണ്. അവരുടെ ലക്ഷ്യം കേവലം ഹിജാബ് മാത്രമല്ല. തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ എങ്ങനെ പിന്നോട്ട് നടത്താം എന്നത് സംബന്ധിച്ചുള്ള ഗൂഡാലോചനയാണ് നടത്തുന്നത്.

വീട്ടിനുള്ളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ സ്ത്രീകളെ തളച്ചിടുക, തൊഴില്‍ സാധ്യതകള്‍ നശിപ്പിക്കുന്നതിനായി വിദ്യാഭ്യാസ അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയവയാണ് ഇത്തരം മതനേതാക്കന്മാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരാണ് ലോകം മുഴുവന്‍ ഇസ്ലാമോഫോബിയ വ്യാപിപ്പിക്കുന്നത്. ഒരു മുസ്ലിം വിശ്വാസിയായ തനിക്ക് അവരെ ഭയമുണ്ട്. കാരണം ഇത്തരക്കാര്‍ സമൂഹത്തില്‍ ആധിപത്യം നേടികൊണ്ടിരിക്കുകയാണ്. വീട്ടിലെ സ്ത്രീകള്‍ക്ക് മേല്‍ അവര്‍ അവരുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു.

ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം മൗനം പാലിക്കുന്നതില്‍ ഏറെ നിരാശയുണ്ട്. രാഷ്ട്രീയക്കാര്‍ മാത്രമല്ല സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലുള്ളവരും മൗനം പാലിക്കുകയാണ്.

സമസ്ത നേതാവിനെതിരെ കേസെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രഥമ ദൃഷ്ട്യാ തന്നെ കേസെടുക്കേണ്ട സംഭവമായിരുന്നിട്ടുകൂടി അത് ചെയ്യുന്നില്ല എന്നതില്‍ ആശ്ചര്യമാണ് തോന്നുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്തുതരം സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും ഗവണര്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.