ഭരണ കക്ഷിയില്‍ കൂറ് മാറ്റം; ഡെമോക്രറ്റുകള്‍ക്ക് തിരിച്ചടിയായി ഗര്‍ഭച്ഛിദ്രാനുകൂല ബില്‍ തള്ളി

ഭരണ കക്ഷിയില്‍ കൂറ് മാറ്റം; ഡെമോക്രറ്റുകള്‍ക്ക് തിരിച്ചടിയായി ഗര്‍ഭച്ഛിദ്രാനുകൂല ബില്‍ തള്ളി

വാഷിങ്ടണ്‍: അമേരിക്കയൊട്ടാകെ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ നിയമനിര്‍മാണം നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റുകള്‍ നടത്തിയ ശ്രമത്തിന് വന്‍ തിരിച്ചടി. വരാനിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് മറികടന്ന് രാജ്യത്ത് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ യുഎസ് സെനറ്റില്‍ വോട്ടിനിട്ട് പരാജയപ്പെട്ടു.

100 അംഗ സെനറ്റില്‍ 49 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രതിനിധി ജോ മഞ്ചിന്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതാണ് ഭരണകക്ഷിക്ക് വന്‍ തിരിച്ചടിയായത്. അടുത്ത മാസം അവസാനത്തോടെ സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധിപ്രസ്താവം വരുന്നതിനു മുന്‍പ് അമേരിക്കയൊട്ടാകെ ഗര്‍ഭച്ഛിദ്ര നിയമം കൊണ്ടുവരാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീക്കത്തിന് ഇതോടെ വന്‍ തിരിച്ചടിയായി.

സെനറ്റില്‍ ബില്‍ പാസാക്കി ഗര്‍ഭച്ഛിദ്ര നിയമം രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നടപ്പാക്കാനായിരുന്നു ഭരണകക്ഷിയുടെ തീരുമാനം. 60 പേരുടെ പിന്തുണ ലഭിച്ചാല്‍ ബില്‍ ചര്‍ച്ചയാകും. പിന്നെ പാസാക്കി എടുക്കുകയെന്നത് എളുപ്പമാണ്. ഭരണകക്ഷിയിലുള്ള ഒരു സെനറ്റംഗം അപ്രതീക്ഷിതമായി നിലപാട് മാറ്റിയതോടെ ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലാതെ ബില്ല് പരാജയപ്പെടുകയായിരുന്നു.


തോല്‍വിയില്‍ ജോ ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു. കുറെക്കൂടി നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കാന്‍ അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. വ്യക്തിപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം നില്‍ക്കുന്ന പൗരബോധമുള്ള സെനറ്റ് അംഗങ്ങളെയാവണം സഭയിലേക്ക് അയയ്‌ക്കേണ്ടത്. ജനങ്ങളുടെ വിവേചനാധികാരം നവംബറില്‍ വിവേകപൂര്‍വ്വം വിനിയോഗിച്ചാല്‍ അടുത്ത ജനുവരിയില്‍ ബില്‍ പാസാക്കുമെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.

പരാജയം അംഗീകരിക്കുമ്പോഴും നവംബര്‍ എട്ടിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂല വിധിയെഴുത്തിന് ഇത് വഴിയൊരുക്കിയേക്കുമെന്ന പ്രതീക്ഷയാണ് ബൈഡനുള്ളത്. രാജ്യത്താകെ ഗര്‍ഭച്ഛിദ്രത്തിനനുകൂലമായ ജനവികാരം ഉണ്ടെന്ന് ബൈഡന്‍ പ്രതീക്ഷിക്കുന്നു. ഇത് വോട്ടായി മാറിയാല്‍ നിയമനിര്‍മ്മാണത്തിലൂടെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ഭാവി ശ്രമങ്ങള്‍ക്ക് അതു കരുത്ത്പകരുമെന്നും ബൈഡന്‍ കരുതുന്നു.

അബോര്‍ഷന്‍ അവകാശങ്ങളെച്ചൊല്ലി അമേരിക്കയിലെ ദശാബ്ദങ്ങള്‍ പഴക്കമുള്ള പോരാട്ടം കഴിഞ്ഞയാഴ്ചയാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. 50 വര്‍ഷം പഴക്കമുള്ള റോ വി വേഡ് ഉത്തരവ് റദ്ദാക്കിയേക്കുമെന്നുള്ള സൂചനകള്‍ കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ ബഞ്ചില്‍ നിന്ന് ചോര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.



രാജ്യത്താകെ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായേക്കുമെന്നുള്ള സുചനകള്‍ പുറത്തായതോടെ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വ്യാപക ആക്രമണങ്ങളാണ് പൊതുവായും വിശേഷിച്ച് കത്തോലിക്ക പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇവര്‍ അഴിച്ചുവിട്ടത്.

ലോസ് ഏഞ്ചല്‍സിലെ കത്തീഡ്രല്‍ പള്ളിയിലുള്‍പ്പടെ ഗര്‍ഭച്ഛിദ്രാനുകൂലികള്‍ വലിയ അക്രമണങ്ങള്‍ നടത്തി. ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും ചുവരുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതി വികൃതമാക്കുകയും ചെയ്തു. കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളും ഓഫീസുകളും അക്രമികള്‍ തീയിട്ടു. രാജ്യത്താകമാനം ഗര്‍ഭച്ഛിദ്രാനുകൂലികള്‍ അഴിഞ്ഞാടുമ്പോള്‍ നിശബ്ദപാലിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.