തിരുവനന്തപുരം: കേരളത്തില്‍ വ്യാജ മട്ട അരി വില്‍പ്പന വ്യാപകം. സ്വകാര്യ മില്ലുകളിലെ ഭക്ഷ്യവകുപ്പിന്റെ പരിശോധനകള്‍ ഒത്തുകളിയായി മാറിയതോടെയാണ് വ്യാജ അരി മാര്‍ക്കറ്റുകളിലെത്തുന്നത്. കര്‍ഷകരില്‍നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ സംഭരിക്കുന്ന മുന്തിയ ഇനം നെല്ല് പ്രമുഖ സ്വകാര്യ അരി ബ്രാന്‍ഡുകള്‍ക്ക് കൈമാറി പകരം ഇതര സംസ്ഥാനത്തങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന വെള്ള അരിയാണ് വെള്ള മട്ട എന്ന പേരില്‍ റേഷന്‍ കടകള്‍ വഴി വില്‍ക്കുന്നത്.
റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യവകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. മില്ലുകാര്‍ നല്‍കുന്ന മുന്തിയ ഇനം അരി ജനപ്രിയ ബ്രാന്‍ഡുകളുടെ ലേബലില്‍ പൊതുവിപണിയില്‍ കൂടിയ വിലയ്ക്ക് എത്തുന്നു. തട്ടിപ്പ് തടയാന്‍ സ്വകാര്യ മില്ലുകളില്‍നിന്ന് അരി എടുക്കുംമുമ്പ് ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മാറിയതോടെ ഉത്തരവ് പഴങ്കഥയായി. മേല്‍ത്തട്ടിലെ ഉദ്യോഗസ്ഥരടക്കം ഓരോ ലോഡിലും ലക്ഷങ്ങള്‍ കൈമടക്ക് വാങ്ങിയാണ് തട്ടിപ്പ് നടക്കുന്നത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 ഓളം സ്വകാര്യ മില്ലുകളാണ് സംസ്ഥാന സര്‍ക്കാറുമായി കരാറിലുള്ളത്. കരാര്‍ പ്രകാരം 100 കിലോ നെല്ല് നല്‍കുമ്പോള്‍ 64.5 കിലോ അരി മില്ലുടമ സപ്ലൈകോക്ക് തിരികെ നല്‍കണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകള്‍ക്ക് നല്‍കും. എന്നാല്‍, കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജ്യോതി, ജയ, ഉമ ഇനങ്ങളിലുള്ള നെല്ല് മില്ലുകാര്‍ അരിയാക്കി സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.