കടമെടുപ്പ്: കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം രണ്ടാക്കും; വിഹിതം പിടിക്കും

 കടമെടുപ്പ്: കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം രണ്ടാക്കും; വിഹിതം പിടിക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ അത് മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. കടമെടുക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചതിനാലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളമായിരിക്കും ആദ്യം രണ്ടു ഗഡുക്കളാക്കുക.

കൂടാതെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം പിടിച്ചുവയ്ക്കാനും പ്രതിസന്ധി തീരുമ്പോള്‍ ഒരുമിച്ച് തിരികെ നല്‍കാനും ആലോചിക്കുന്നുണ്ട്. അമേരിക്കയിലും മറ്റും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്.

അതേസമയം പിടിച്ചുനില്‍ക്കാന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പ്രതിസന്ധി തീരും വരെ ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിക്കും. ഇപ്പോള്‍ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ നിയന്ത്രണമുണ്ട്.11,000 കോടി രൂപ വരവും 13,000 കോടി രൂപ ചെലവും എന്ന സ്ഥിതിയാണ് സംസ്ഥാനത്ത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമല്ലെങ്കിലും വായ്പ മുടങ്ങിയാല്‍ പണലഭ്യത താളം തെറ്റും. അതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. കേന്ദ്ര നിലപാട് തുടര്‍ന്നാലും തീരുമാനം വൈകിയാലും സംസ്ഥാനം പരുങ്ങലിലാകും. സാമ്പത്തിക വര്‍ഷം തുടങ്ങി രണ്ടു മാസമായിട്ടും വായ്പയ്ക്ക് അനുമതി കിട്ടാത്തത് ഗൗരവുള്ള കാര്യമാണ്. കഴിഞ്ഞ മാസം 1000 കോടിയും ഈ മാസം 3000 കോടിയുമാണ് വായ്പയെടുക്കാന്‍ ശ്രമിച്ചത്. അതിനാണ് അനുമതി നിഷേധിച്ചത്.

മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, ജമ്മു, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുമതി ലഭിച്ചു. കേരളത്തിനും ഉടന്‍ കിട്ടുമെന്നാണ് കരുതുന്നത്. കേരളത്തിന് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.5 ശതമാനം വായ്പയെടുക്കാം. അതായത് 32,425 കോടി രൂപ. മൊത്തം കടബാദ്ധ്യത 3,02,620കോടി രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.