ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കസ്റ്റംസ് ചെലവുകള്‍ 90 ശതമാനം വരെ കുറയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മര്‍റി.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. യുഎഇ സമഗ്ര സഹകരണ കരാറുകള്‍ വഴി 1,40,000 വിദഗ്ദ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മില്‍ ഫെബ്രുവരിയില്‍ ഒപ്പിട്ട സമഗ്ര സഹകരണ വാണിജ്യ കരാറിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് വന്‍ ഇളവുകള്‍ നല്‍കുന്നത്. യുഎഇ സമഗ്ര സഹകരണ കരാര്‍ ഒപ്പിടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇതിന്റെ കാരണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തന്ത്രപ്രധാനമായ സഹകരണമാണെന്നാണ് വിലയിരുത്തുന്നത്. ഈവര്‍ഷം സമാനമായ എട്ട് കരാറുകള്‍ കൂടി ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു.
ഏവിയേഷന്‍, പരിസ്ഥിതി, ലൊജിസ്റ്റിക്‌സ്, നിര്‍മാണം, ഡിജിറ്റല്‍ വ്യാപാരം എന്നീ മേഖലയില്‍ കൂടുതല്‍ മുന്നേറ്റത്തിന് ഈ കരാര്‍ വഴി തുറക്കും. കൂടാതെ ബിസിനസ് സേവനം, അക്കൗണ്ടിങ്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, പരസ്യം തുടങ്ങിയ 11 മേഖലകള്‍ക്കും 100 ഉപമേഖലകള്‍ക്കും കരാറിന്റെ ഗുണഫലം ലഭിക്കും.
ഇറക്കുമതിയില്‍ അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പരസ്പരം ഒഴിവാക്കാനുള്ള കരാര്‍ ഈ മാസം ആദ്യം മുതല്‍ നിലവില്‍ വന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ എണ്ണയിതര ഇടപാടുകള്‍ വര്‍ഷം 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇത് അടുത്ത വര്‍ഷത്തോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലെ എണ്ണയിതര വാണിജ്യം 45 ബില്യണ്‍ ഡോളറാണ്.