തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ അതിര്‍ത്തിയായ വാളയാറില്‍ തമിഴ്‌നാട് പരിശോധന തുടങ്ങി. കേരളത്തില്‍ നിന്ന് കുട്ടികളുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പത്തു വയസനു താഴെ പ്രായമുള്ള കുട്ടികളില്‍ കണ്ടു വരുന്നൊരു രോഗമാണിത്. രോഗം ബാധിച്ചവര്‍ക്ക് ത്വക്കില്‍ ചുവപ്പു നിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവില്‍ നിര്‍ജലീകരണവും കാണപ്പെടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് അതിര്‍ത്തികളില്‍ പരിശോധന. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ശരീശ ഊഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. കോക്സാക്കി വൈറസ് അല്ലെങ്കില്‍ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികള്‍ക്ക് ഏറെ നാള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.