ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 30 ലേറെ പേര്‍ വെന്തുമരിച്ചു. 40 ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി ഡല്‍ഹി പൊലീസ് അറിയിച്ചു. വൈകിട്ട് 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച്ച രാത്രി 11 വരെയായിട്ടും തീ പൂര്‍ണമായും നിയന്ത്രിക്കാനായിട്ടില്ല. രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈകീട്ടാണ് തീപിടിത്തം ഉണ്ടായതെങ്കിലും അപകടം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ല. 24 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി ഫയര്‍ ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി കമ്പനികളുടെ ഓഫീസുകള്‍ കെട്ടിടത്തിന്റെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.