കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചത് കോവാക്സിന്‍; ജര്‍മനിയിലേക്ക് പോയ യുവതിയെ വിമാനക്കമ്പനി പാതിവഴിയില്‍ തിരിച്ചയച്ചു

കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചത് കോവാക്സിന്‍; ജര്‍മനിയിലേക്ക് പോയ യുവതിയെ വിമാനക്കമ്പനി പാതിവഴിയില്‍ തിരിച്ചയച്ചു

തൃശൂര്‍: ജര്‍മനിയിലേക്ക് പോയ യുവതിയെ കോവാക്സിന്‍ സ്വീകരിച്ചതിന്റെ പേരില്‍ പാതിവഴിയില്‍ തിരിച്ചയച്ച് ഖത്തര്‍ എയര്‍വേസ്. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മാളവിക മേനോനാണ് (25) ദുരനുഭവം. കോവിഡ് പ്രതിരോധത്തിനായി കോവാക്സിന്‍ ആണ് സ്വീകരിച്ചതെന്നും ഇത് ജര്‍മനി അനുവദിക്കില്ലെന്നുമുള്ള കാരണം കാണിച്ചാണ് യുവതിയെ പാതിവഴിയില്‍ തിരിച്ചയച്ചത്.

മേയ് പത്തിന് നെടുമ്പാശേരിയില്‍നിന്ന് ഖത്തര്‍ എയര്‍വേസ് വഴി ജര്‍മനിയിലേക്ക് പുറപ്പെട്ട മാളവികയെ 11 ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടിറക്കി വിട്ടു. അവശ്യ സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോവാക്സിന്‍ അനുവദനീയമാണെന്ന് കാണിച്ചുള്ള ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല.

കോവാക്സിന്‍ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കിക്കൊണ്ട് എംബസി നല്‍കിയ സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു. എന്നാല്‍ ഖത്തര്‍ എയര്‍വേസ് പരിഗണിക്കാന്‍ തയാറായില്ല. ലഗേജുകള്‍ ജര്‍മനിയിലെത്തി.

പഞ്ചാബ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍നിന്ന് ജനറ്റിക് ബയോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ മാളവികയ്ക്ക് ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ് ഗവേഷണത്തിനും ഫാക്കല്‍റ്റിയായും പ്രവേശനം ലഭിച്ചത്.

ഗവേഷണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ അവസരം നഷ്ടമാകും. ജര്‍മനിയിലേക്കുള്ള യാത്രയ്ക്കായും അവിടെ താമസ സൗകര്യം ഒരുക്കുന്നതായും നല്ല ചെലവ് ആയിട്ടുണ്ട്. ഇതിനിടയിലാണ് മാളവികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.