ന്യൂഡല്‍ഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മെയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്ത് വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗോതമ്പ് കയറ്റുമതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ദശാബ്ദത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഗോതമ്പ് വില എത്തിയിരുന്നു. ഇനി മുതല്‍ രണ്ട് തരത്തിലുള്ള കയറ്റുമതി മാത്രമേ അനുവദിക്കൂ.
ആദ്യത്തേത് ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യ സുരക്ഷയ്ക്കായി അവിടത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കയറ്റുമതി ചെയ്യുന്നതാണ്. രണ്ടാമത്തേത് ട്രാന്‍സിഷണല്‍ ക്രമീകരണങ്ങള്‍ക്ക് കീഴിലുള്ള കയറ്റുമതിയാണെന്നും വ്യവസായ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞു.
ധാന്യ വില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പല ഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമര്‍ശനം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പാദന രാജ്യമാണ് ഇന്ത്യ. റഷ്യ-ഉക്രെയിന്‍ യുദ്ധം മൂലം രാജ്യാന്തര വിപണിയിലും ഗോതമ്പിന്റെ വിലയില്‍ 40 ശതമാനത്തോളം വര്‍ധിച്ചു.