ചിറ്റയം ഗോപകുമാറിനെതിരേ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിക്കെതിരേ സിപിഎമ്മിനുള്ളിലും അമര്‍ഷം

ചിറ്റയം ഗോപകുമാറിനെതിരേ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിക്കെതിരേ സിപിഎമ്മിനുള്ളിലും അമര്‍ഷം

തിരുവനന്തപുരം: പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരേ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണാ ജോര്‍ജ്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും മറുപടി തരുന്നില്ലെന്നുമായിരുന്നു ചിറ്റയത്തിന്റെ വിമര്‍ശനം. ഇതിനെതിരേയാണ് എല്‍ഡിഎഫ് നേതൃത്വത്തിന് വീണാ ജോര്‍ജ് പരാതി നല്‍കിയത്.

ചിറ്റയം ഗോപകുമാര്‍ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ സിപിഐ-സിപിഎം അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി ചിറ്റയം ഗോപകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇടത് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം അടക്കമുള്ള പരിപാടികള്‍ക്കായി തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും തന്നെ അറിയിക്കുന്നില്ലെന്നാണ് പരാതി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. അതിനാല്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ലെന്നും ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രി വീണയുടെ പ്രവര്‍ത്തന രീതിക്കെതിരേ പത്തനംത്തിട്ടയിലെ സിപിഎം നേതൃത്വത്തിനും തൃപ്തിയില്ല. സ്വന്തം താല്‍പര്യം അനുസരിച്ച് മാത്രമാണ് മന്ത്രി ഇടപെടലുകള്‍ നടത്തുന്നതെന്നാണ് നേതാക്കളുടെ പരാതി. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ജില്ലയിലെ നേതാക്കള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.