കോഴിക്കോട്: പുരസ്‌കാരം വാങ്ങാന്‍ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി സമസ്ത നേതൃത്വം. സ്റ്റേജിലെത്തിയ പെണ്‍കുട്ടിക്ക് വല്ലാത്ത ലജ്ജ ഉണ്ടായെന്ന് തോന്നി. ഇനി വീണ്ടും ലജ്ജ ഉണ്ടാകാതിരിക്കാനാണ് പെണ്‍കുട്ടിയെ വിലക്കിയതെന്നായിരുന്നു സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ ന്യായീകരണം.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സമസ്ത നേതാക്കള്‍. സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലീയാരായിരുന്നു പെണ്‍കുട്ടി സ്റ്റേജില്‍ കയറിയതില്‍ നേതാക്കളോട് പരസ്യമായി കയര്‍ത്തതും അത് വിവാദമായതും.
സമസ്ത ഒരു മത സംഘടനയാണ്. അതിന്റെ ചട്ടക്കൂടില്‍ നിന്നിട്ടായിരിക്കും പ്രവര്‍ത്തനമെന്ന് പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ല. പെണ്‍കുട്ടിക്ക് ലജ്ജയുണ്ടാവാതിരിക്കാനാണ് അങ്ങനെ പറഞ്ഞത്. വലിയ പണ്ഡിതന്‍മാര്‍ ഉള്ള വേദിയായിരുന്നു അത്. അവിടേക്ക് കയറി വന്ന പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജയുള്ളത് പോലെ തോന്നി. ഇനിയങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പത്രസമ്മേളനത്തില്‍ വാദിച്ചു.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍: വേദിയിലേക്കു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വാഭാവികമായും ലജ്ജ ഉണ്ടാവുമല്ലോ? അങ്ങനെയാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ആ ഒരു ലജ്ജ കുട്ടിക്ക് ഉണ്ടായെന്നു മനസലായി. ഇനി മറ്റുള്ള കുട്ടികളെയും ഇവിടേക്കു വിളിച്ചു വരുത്തിയാല്‍ അവര്‍ക്കു സന്തോഷത്തിലേറെ പ്രയാസം വരുമോ എന്നു മനസിലാക്കിയിട്ടാണ്, അദ്ദേഹത്തിന് ആധികാരികമായി പറയാന്‍ പറ്റിയ ഒരാളോട് ഇനി വിളിക്കാന്‍ പാടില്ല എന്നു പറഞ്ഞത്. അല്ലാതെ കുട്ടികളെ അപമാനിക്കാന്‍ വേണ്ടിയല്ല.
കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാന്‍ വേണ്ടിയല്ല. കുട്ടിക്ക് വിഷമം ഇല്ലാതിരിക്കാനാണ് അദ്ദേഹം പറഞ്ഞത്. പിന്നെ അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. സമസ്ത മാറണമെന്ന് പുറത്തുള്ളവര്‍ പറയേണ്ട കാര്യമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കാലോചിതമായാണ് സംഘടനയുടെ പ്രവര്‍ത്തനം. കഥയറിയാതെ ആട്ടം കാണുന്നവരാണ് വിമര്‍ശിക്കുന്നത്.
പെണ്‍കുട്ടി അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെണ്‍കുട്ടി വേദിയിലേക്കു വരുന്നതിനു മുമ്പ് തടഞ്ഞിട്ടില്ല. തടഞ്ഞിരുന്നെങ്കില്‍ അപമാനിച്ചു എന്നു പറയാമായിരുന്നു. അബ്ദുല്ല മുസലിയാരുടെ നടപടിയില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.