കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട കൊടും കുറ്റവാളിയെ കണ്ടെത്താൻ 22,500 ഡോളർ പാരിതോഷികം വാഗ്ദാനം ചെയിതു ടെക്‌സാസ് പൊലീസ്

കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ട കൊടും കുറ്റവാളിയെ കണ്ടെത്താൻ 22,500 ഡോളർ പാരിതോഷികം വാഗ്ദാനം ചെയിതു ടെക്‌സാസ് പൊലീസ്

ടെക്‌സാസ്: മെക്‌സിക്കന്‍ മാഫിയയുമായി ബന്ധം ആരോപിക്കുന്ന കൊടുംകുറ്റവാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. അതിസുരക്ഷാ കവചിത വാഹനത്തില്‍ സഹ തടവുപുള്ളികളുമായി മറ്റൊരു ജയിലിലേക്ക് പോകുന്നതിനിടെയാണ് 46 കാരനായ ഗോണ്‍സാലോ ലോപ്പസ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ടെക്‌സാസ് പൊലീസ് 22,500 ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു.

മാരകായുധം ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ആളാണ് ലോപ്പസ്. അതിനുമുമ്പ് ഒരു ഷെരീഫ് ഡെപ്യൂട്ടിയെ വെടിവയ്ക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. കൂടാതെ ഒട്ടേറെ ക്രിമനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. സര്‍ക്കാരിനും പോലീസിനും നിരന്തരം തലവേദനയായ ഇയാളെ കസറ്റഡിയില്‍ നിന്ന് ചാടിപ്പോയപ്പോള്‍ തന്നെ സംസ്ഥാനത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ത്തു.

16 തടവ് പുള്ളികള്‍ക്കൊപ്പമാണ് ലോപ്പസിനെയും വാഹനത്തില്‍ കൊണ്ടുപോയത്. ബസ് ഹൈവേ ഏഴില്‍ സഞ്ചരിക്കുമ്പോള്‍ ലോപ്പസ് ഡ്രൈവിംഗ് കംപാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും ഡ്രൈവറെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ച് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് വാഹനം ഓടിച്ചുപോയ ലോപ്പസ് പൊലീസ് പിന്‍തുടര്‍ന്നതു മനസിലാക്കി വാഹനം നിര്‍ത്തി ഇറങ്ങി ഓടി. പൊലീസ് വെടിവച്ചെങ്കിലും ഇയാള്‍ രക്ഷപെട്ടു.

ഇയാളെ കണ്ടെത്തുന്നവര്‍ വിവരം അറിയിക്കണമെന്ന് ടെക്‌സസ് പൊലീസ് പറഞ്ഞു. രക്ഷപെടാനോ അഭയം നല്‍കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കും. ആറടി ഉയരമുള്ള പ്രതിയുടെ കഴുത്തിന്റെ വലതുഭാഗത്തായി പൊള്ളലേറ്റ പാടുണ്ട്. ഹൂസ്റ്റണില്‍ നിന്ന് 120 മൈല്‍ വടക്ക് ലിയോണ്‍ കൗണ്ടിയില്‍ സെന്റര്‍വില്ലയോട് അടുത്തുള്ള ഗ്രാമപ്രദേശത്ത് 300 ലധികം പൊലീസുകാര്‍ വ്യാപക പരിശോധന നടത്തി. പ്രതി ഗ്രാന്‍ഡെ താഴ് വരയില്‍ നിന്നുള്ള ആളായതിനാല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തി.

കടുത്ത ചൂടുള്ളതിനാല്‍ അധികനാള്‍ പുറത്ത് ഒളിച്ചു നടക്കാന്‍ കഴിയില്ലെന്ന നിരീക്ഷണത്തിലാണ് പൊലീസ്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ഇയാള്‍ക്ക് ഗ്രാമവാസികളെ ആശ്രയിക്കേണ്ടിവരും. അതു മുന്നില്‍ കണ്ട് ഇയാള്‍ തമ്പടിക്കാന്‍ സാധ്യതയുള്ള ഗ്രാമങ്ങളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.