ചെന്നൈ: സാമ്പത്തിക പ്രതിസന്ധി ആഭ്യന്തര കലാപവും അതിരൂക്ഷമായ ശ്രീലങ്കയിലെ ജനതയ്ക്ക് തമിഴ്‌നാടിന്റെ സഹായ കിറ്റുകള്‍ ഒരുങ്ങുന്നു.
എണ്‍പത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യ വസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്ക് നല്‍കാനായി തമിഴ്‌നാട്ടില്‍ നിന്ന് സംഭരിച്ചത്. നാല്‍പ്പതിനായിരം ടണ്‍ അരി, 500 ടണ്‍ പാല്‍പ്പൊടി, 30 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍, പയറു വര്‍ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയക്കുന്നത്.
ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുകയാണ്. കടത്തുകൂലി ഉള്‍പ്പെടെ 134 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം സാമൂഹിക അരാജകത്വത്തിലേക്കെത്തിയ ശ്രീലങ്കയില്‍ ഒരു കിലോഗ്രാം അരിയുടെ വില 450 ശ്രീലങ്കന്‍ രൂപ (128 ഇന്ത്യന്‍ രൂപ) വരെയാണ്. ഒരു ലിറ്റര്‍ പാലിന്റെ വിലയാകട്ടെ 270 ശ്രീലങ്കന്‍ രൂപയും (75 ഇന്ത്യന്‍ രൂപ). ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ ഭക്ഷണത്തിനായി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്ന അവസ്ഥയിലേയ്ക്ക് വരെ എത്തുന്ന നിലയാണ് ദ്വീപ് രാഷ്ട്രം ഇപ്പോള്‍ ഉള്ളത്.
യുദ്ധകാലത്തേതിന് സമാനമായ ഈ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ശ്രീലങ്കയിലേക്ക്ക്ക് ഭക്ഷണവും മരുന്നും കയറ്റി അയക്കാന്‍ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെയാണ് സഹായമെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.