മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് രക്ഷിതാക്കളുടെ വരുമാനം നിലച്ചു. ഇതോടെ പഠനം നിര്‍ത്താന്‍ ഒരുങ്ങി ചില വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഫീസ് കിട്ടാതായതോടെ അധ്യാപകരുടെ ശമ്പളമടക്കമുള്ള കാര്യങ്ങളും പ്രതിസന്ധിയിലായി. ഇങ്ങനെയൊരു പ്രതിസന്ധി മറികടക്കാനാണ് പവായ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഷേര്‍ളി ഉദയകുമാര്‍ സഹായം തേടി സ്വയം രംഗത്തിറങ്ങിയത്.
ക്രൗഡ് ഫണ്ടിംങ് എന്ന ആശയവുമായി അവര്‍ മുന്നോട്ട് പോയി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പഠനത്തില്‍ മിടുക്കരാവരെ സഹായിക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. പക്ഷെ പഠനം മാത്രമായിരുന്നില്ല മാനദണ്ഡം. പണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കെല്ലാം സഹായം വേണം. ചെറിയ ചെറിയ തുകകളുടെ സ്‌പോണ്‍സര്‍ഷിപ്പ്. ഒടുവില്‍ ഷോര്‍ളിയുടെ പ്രയത്‌നം എത്തി നില്‍ക്കുന്നത് ഒരു കോടി രൂപയിലാണ്.
ആലപ്പുഴ മുതുകുളത്ത് കുടുംബ വേരുള്ള ഷേര്‍ളി ഉദയകുമാര്‍ മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. 36 വര്‍ഷമായി പവായ് ഇംഗ്ലിഷ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്ര സംസ്ഥാന സിലബസിലുള്ള സ്‌കൂളാണിത്. അച്ഛനില്ലാത്ത കുട്ടികളെ സഹായിക്കുക എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടത്.
എന്നാല്‍ പിന്നീട് ഫീസ് അടയ്ക്കാത്ത കുട്ടികളുടെ എണ്ണം കൂടി വന്നു. സഹായം തേടി കൂടുതല്‍ രക്ഷിതാക്കളുമെത്തി. അങ്ങനെയാണ് പദ്ധതി വലുതായത്. വ്യക്തികളും സന്നദ്ധ സംഘടനകളും കോര്‍പറേറ്റ് കമ്പനികളുമെല്ലാം നല്ല രീതിയില്‍ സഹകരിച്ചത് കൊണ്ടാണ് ഒരു കോടിയെന്ന നേട്ടത്തിലെത്തിയത്.
തനിക്കു തന്നെ ഇതു വിശ്വസിക്കാനാകുന്നില്ലെന്ന് ഷേര്‍ളി ഉദയകുമാര്‍ പറഞ്ഞു. രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളില്‍ 500 പേരെ ഫീസടച്ച് സഹായിക്കാന്‍ പദ്ധതി വഴി സാധിച്ചുവെന്നും ഷേര്‍ളി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.