കേരളത്തിന്റെ മാറ്റത്തിനായ് 'ജനക്ഷേമ സഖ്യം': എഎപി - ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

കേരളത്തിന്റെ മാറ്റത്തിനായ് 'ജനക്ഷേമ സഖ്യം': എഎപി - ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

കൊച്ചി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. 'ജനക്ഷേമ സഖ്യം' എന്ന പേരിലായിരിക്കും മുന്നണി അറിയപ്പെടുക. ഭാവിയില്‍ കേരളത്തിലും സര്‍ക്കാരുണ്ടാക്കാന്‍ മുന്നണിക്കു സാധിക്കുമെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ എന്തു കാര്യം നടക്കാനും കൈക്കൂലി നല്‍കണമായിരുന്നു. എന്നാല്‍ എഎപി അധികാരത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. കിഴക്കമ്പലത്തു നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതും വലതും എന്‍ഡിഎയും പോരടിക്കുന്ന കേരളത്തിന്റെ മണ്ണിലേക്കാണ് പുതിയ ബദലിന്റെ സാധ്യതകളുമായി ആപ്പ്- ട്വന്റി 20 സഖ്യം ഇറങ്ങുന്നത്. സാബു ജേക്കബ് ചെയര്‍മാനായുള്ള പുതിയ ബദലിന്റെ പ്രധാന ലക്ഷ്യം വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പാണ്. വിവിധ പാര്‍ട്ടികളിലെ നേതാക്കളെയും പ്രമുഖരായ ഉദ്യോഗസ്ഥരെയും പുതിയ മുന്നണിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം.

മുഖ്യധാരാ പാര്‍ട്ടികളോട് അതൃപ്തിയുള്ള വിഭാഗങ്ങളെ ഒപ്പം ചേര്‍ത്താണ് പരീക്ഷണം. ഡല്‍ഹിയ്ക്ക് പുറമെ പഞ്ചാബും പിടിച്ച് വരുന്ന കെജ്‌രിവാള്‍ ആദ്യം കണ്ടെത്തിയ സഹായി എറണാകുളത്ത് മുന്നണികളെ ഒറ്റക്ക് വിറപ്പിക്കുന്ന ട്വന്റി ട്വന്റിയാണെന്നത് ശ്രദ്ധേയമാണ്. സാധാരണക്കാരെയും മധ്യവര്‍ഗത്തെയും കയ്യിലെടുക്കാവുന്ന ആപ്പിന്റെ പതിവ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് തന്നെയാകും കേരളത്തിലെയും നീക്കം.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. അതിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ഒപ്പം എത്തിക്കാന്‍ ശ്രമിക്കും. സിനിമാ-സാംസ്‌ക്കാരിക മേഖലകളിലേ പ്രമുഖരെയും ഉദ്യോഗസ്ഥരെയും കൊണ്ടുവരുമെന്നും സൂചനയുണ്ട്. ഇടത് -വലത് രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടമുള്ള കേരളത്തില്‍ കര തൊടുകയാണ് പുതിയ ബദലിന്റെ പ്രധാന വെല്ലുവിളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.