കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച വിശുദ്ധ ജോണ്‍ നെപോമുസെന്‍

കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച വിശുദ്ധ ജോണ്‍ നെപോമുസെന്‍

അനുദിന വിശുദ്ധര്‍ - മെയ് 16

ബൊഹിമിയയിലെ നെപോമുക്കില്‍ 1330 ലാണ് ജോണ്‍ ജനിച്ചത്. ജനിച്ചയുടനെ ഉണ്ടായ മാരക രോഗത്തില്‍ നിന്ന് പരിശുദ്ധ ദൈവ മാതാവിന്റെ സഹായത്താല്‍ സുഖം പ്രാപിച്ചതിന് നന്ദി സൂചകമായി ജോണിനെ ദൈവ ശുശ്രൂഷയ്ക്ക് പ്രതിഷ്ഠിച്ച് നല്ല വിദ്യാഭ്യാസം നല്‍കി. പ്രഭാതങ്ങളില്‍ അവന്‍ അടുത്തുള്ള ആശ്രമത്തില്‍ പോയി ഒന്നിലധികം വിശുദ്ധ കുര്‍ബാനകളില്‍ സംബന്ധിക്കുമായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണ്‍ പിന്നീട് ലാറ്റിന്‍ ഭാഷ പഠിക്കുവാനായി സ്റ്റാസെ എന്ന പട്ടണത്തിലേയ്ക്ക് പോയി. പ്രാഗിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും സഭാനിയമങ്ങളും പഠിച്ചു. തുടര്‍ന്നു തന്റെ പഠനങ്ങളില്‍ നിന്നും പിന്‍വാങ്ങി പ്രാര്‍ത്ഥനയും ഉപവാസവുമായി ഒരു മാസത്തോളം ഏകാന്ത ജീവിതം നയിച്ചു.

പിന്നീട് സെമിനാരി പഠനം തുടങ്ങി പുരോഹിത പട്ടം നേടിയ ജോണ്‍ 'ഔര്‍ ലേഡി ഓഫ് ടെയിന്‍' എന്ന ഇടവകയുടെ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏറെ ഹൃദ്യമായിരുന്നതിനാല്‍ ജനങ്ങള്‍ ദേവാലയത്തില്‍ തടിച്ചു കൂടുക പതിവായിരുന്നു. 1378 ല്‍ ചാള്‍സ് നാലാമന്‍ ചക്രവര്‍ത്തി പ്രാഗില്‍ വെച്ച് മരണപ്പെട്ടു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മകനായ വെന്‍സെസ്ലാവൂസ് അധികാരത്തിലെത്തി.

ചക്രവര്‍ത്തിയാകുമ്പോള്‍ വെറും പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന വെന്‍സെസ്ലാവൂസ് അധികാരത്തിനും മുഖസ്തുതിയിലും മയങ്ങി ദുര്‍വൃത്തിപരമായ ജീവിതത്തിലേര്‍പ്പെടാന്‍ തുടങ്ങി. അലസതയുടേയും മദ്യ പാനത്തിന്റേയും പര്യായമായി മാറി വെന്‍സെസ്ലാവൂസ്.

വിശുദ്ധ ജോണിന്റെ പ്രശസ്തിയെ കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം വിശുദ്ധനോട് തന്റെ രാജധാനിയില്‍ അനുതാപത്തെകുറിച്ച് പ്രബോധനം നടത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ദൗത്യം എത്രമാത്രം അപകടം നിറഞ്ഞതാണെന്ന് ജോണിനറിയാമായിരുന്നു. എന്നിരുന്നാലും അദ്ദേഹം ആ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തു.

അധികം താമസിയാതെ ചക്രവര്‍ത്തിയുള്‍പ്പെടെ സകലരുടെയും പ്രീതിക്ക് ജോണ്‍ പാത്രമായി. തന്മൂലം ചക്രവര്‍ത്തി വിശുദ്ധന് ലെയിട്ടോമെറിറ്റ്‌സിലെ മെത്രാന്‍ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പിന്നീട് വിച്ചെറാഡ്റ്റിലെ മെത്രാന്‍ പദവിക്കടുത്ത സ്ഥാനം വാഗ്ദാനം ചെയ്തുവെങ്കിലും അതും അദ്ദേഹം നിരസിച്ചു.

മാത്രമല്ല, രാജാവിന്റെ ദാന ധര്‍മ്മ പ്രവര്‍ത്തികളുടെ മേല്‍നോട്ടക്കാരനായി ചുമതലയേക്കുകയും ചെയ്തു. ഇത് വിശുദ്ധന് പാവപ്പെട്ടവരെ സഹായിക്കുന്നതിനും നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് തിരിക്കുന്നതിനും അവസരം നല്‍കി.
ചക്രവര്‍ത്തിനിയും ഭക്തയുമായിരുന്ന ജെയിനിന്റെ ആത്മീയ ഉപദേശകന്‍ കൂടിയായിരുന്നു വിശുദ്ധ ജോണ്‍. ചക്രവര്‍ത്തി അവളെ സ്‌നേഹിച്ചിരുന്നുവെങ്കിലും എളുപ്പം മനസ് മാറുന്നവനായിരുന്നു. അതിനാല്‍ തന്നെ ആ രാജകുമാരിക്ക് നിരവധിയായ സഹനങ്ങള്‍ സഹിക്കേണ്ടതായി വന്നു.

എന്നാല്‍ അവള്‍ വിശുദ്ധനെ അവളുടെ ആത്മീയ നിയന്താവായി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ മൂലം അവള്‍ തന്റെ സഹനങ്ങളെ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ പരിശീലിച്ചു.

മുന്‍പത്തേക്കാള്‍ അധികമായി അവള്‍ ഭക്തി കാര്യങ്ങളില്‍ ഏര്‍പ്പെട്ടു. മലിനമായ ഹൃദയം എല്ലാത്തിനേയും വിഷമയമാക്കും എന്ന് പറയുന്നത് പോലെ ചക്രവര്‍ത്തിനിയുടെ ഭക്തികാര്യങ്ങള്‍ വെന്‍സെസ്ലാവൂസിനെ ദേഷ്യം പിടിപ്പിക്കുകയും അതേചൊല്ലി അവളോടു വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
തന്നേക്കുറിച്ചുള്ള സ്വകാര്യ കാര്യങ്ങള്‍ അവള്‍ അവളുടെ കുമ്പസാരത്തില്‍ വിശുദ്ധന് വെളിപ്പെടുത്തികൊടുത്തിട്ടുണ്ടാവും എന്ന് കരുതിയ ചക്രവര്‍ത്തി ആ കുമ്പസാര രഹസ്യങ്ങള്‍ എങ്ങിനേയെങ്കിലും വിശുദ്ധനില്‍ നിന്നും അറിയുവാന്‍ തീരുമാനിച്ചു.

ആദ്യം നേരിട്ടല്ലാതെ വിവരങ്ങള്‍ ആരാഞ്ഞുവെങ്കിലും ഫലപ്രദമാകാത്തതിനാല്‍ നേരിട്ട് ചോദ്യം ചെയ്യല്‍ തുടങ്ങി. എന്നാല്‍ വിശുദ്ധന്‍ യാതൊന്നും വെളിപ്പെടുത്തിയില്ല. അതേതുടര്‍ന്ന് ക്രൂരനായ ആ ഭരണാധികാരി അദ്ദേഹത്തെ പീഡിപ്പിക്കുവാന്‍ ഉത്തരവിട്ടു. ക്രൂരമായ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും വിശുദ്ധ ജോണ്‍ യേശുവിന്റെയും മാതാവിന്റെയും നാമങ്ങള്‍ ഉച്ചരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് വിശുദ്ധനെ അര്‍ധ പ്രാണനാക്കി വെറുതെ വിട്ടു.

പിന്നീട് പൂര്‍വ്വാധികം ഭംഗിയായി വിശുദ്ധന്‍ സുവിശേഷ പ്രഘോഷണം നടത്തി. ഒരിക്കല്‍ ചക്രവര്‍ത്തി തന്റെ കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോള്‍ പ്രാഗിലെ തെരുവിലൂടെ നടന്നു പോകുന്ന ജോണിനെ കണ്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ കൂട്ടികൊണ്ട് വരുവാന്‍ ആളെ അയച്ചു.

ഒന്നല്ലെങ്കില്‍ ചക്രവര്‍ത്തിനിയുടെ കുമ്പസാര രഹസ്യം തന്നോട് വെളിപ്പെടുത്തുക. അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായി കൊള്ളുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എന്നാല്‍ താന്‍ മരിക്കുവാന്‍ തയ്യാറായതായി വിശുദ്ധന്‍ അറിയിച്ചു.
തുടര്‍ന്ന് ചക്രവര്‍ത്തി വിശുദ്ധനെ കൈകാലുകള്‍ ബന്ധിച്ച് മുള്‍ഡാ നദിയില്‍ എറിയുവാന്‍ ഉത്തരവിട്ടു. അങ്ങനെ 1383 മെയ് 16 ന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുളില്‍ വിശുദ്ധന്റെ ശവകുടീരത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടക്കുകയുണ്ടായി.

ചക്രവര്‍ത്തിമാരായിരുന്ന ഫെര്‍ഡിനാന്റ് രണ്ടാമനും മൂന്നാമനും ജോണ്‍ നെപോമുസെന്റെ വിശുദ്ധീകരണത്തിനു വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചു. ചാള്‍സ് ആറാമന്‍ മാര്‍പാപ്പയുടെ കാലത്താണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. 1719 ല്‍ അദ്ദേഹത്തിന്റെ കല്ലറ തുറക്കുകയുണ്ടായി. 330 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധന്റെ ശരീരത്തിലെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവും കൂടാതെയിരിക്കുന്നതായി കണ്ടു. നാക്കിനും കുഴപ്പവുമുണ്ടായിരുന്നില്ല.

വിശുദ്ധന്റെ മരണം മുതല്‍ തന്നെ ബൊഹിമിയയില്‍ അദ്ദേഹത്തെ ഒരു രക്തസാക്ഷിയായി ആദരിച്ചു വന്നിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള അത്ഭുതങ്ങള്‍ നിയമപരമായി വാസ്തവമാണെന്ന് തെളിയുകയും തുടര്‍ന്ന് ബെനഡിക്ട് പതിമൂന്നാമന്‍ ജോണ്‍ നെപോമുസെനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ ആഡം
2. പേഴ്‌സ്യന്‍ ബിഷപ്പായ ഔദാസ്
3. സീസ് ബിഷപ്പായ അന്നോബര്‍ട്ട്
4. പോളീഷിലെ ആന്‍ഡ്രൂ ബോബൊല
5. അയര്‍ലന്‍ഡിലെ നാവികനായ ബ്രെന്‍ട്രാന്‍
6. ഏഷ്യാ മൈനറിലെ അക്വിലിനൂസും വിക്ടോറിയനും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മിയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26