ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റ് വെടിവയ്പ്പ്; മരണപ്പെട്ടവരുടെ വീടുകള്‍ ബൈഡന്‍ സന്ദര്‍ശിക്കും

ബഫല്ലോ സൂപ്പര്‍മാര്‍ക്കറ്റ് വെടിവയ്പ്പ്; മരണപ്പെട്ടവരുടെ വീടുകള്‍ ബൈഡന്‍ സന്ദര്‍ശിക്കും

ന്യൂയോര്‍ക്ക്: കൗമാരക്കാന്‍ നടത്തിയ വെടിവയ്പ്പില്‍ പത്ത് കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടാന്‍ ഇടയായ ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാളെ സന്ദര്‍ശനം നടത്തും. ഇരകളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. ഞായറാഴ്ച്ച ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുലുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് സന്ദര്‍ശന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രഖ്യാപനം നടത്തിയത്.

ഞായറാഴ്ച നാഷണല്‍ പീസ് ഓഫീസേഴ്സ് മെമ്മോറിയല്‍ സര്‍വീസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. വംശീയ വിദ്വേഷം അമേരിക്കയുടെ കളങ്കമായി അവശേഷിക്കുകയാണെന്നും വര്‍ഗവ്യത്യാസമില്ലാതെ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ദൃഢനിശ്ചയം ഒരിക്കലും ഇളകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് 2.8 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ബഫല്ലോയിലുള്ള ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റില്‍ ശനിയാഴ്ച്ചയാണ് വെടിവെയ്പ്പ് ഉണ്ടായത്. 18 വയസുകാരന്‍ നടത്തിയ വെടിവെയ്പ്പില്‍ 10 പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരും പരിക്കേറ്റവരും കറുത്ത വംശജരാണ്. വംശവെറിയാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജോസഫ് ഗ്രമാഗ്ലിയ പറഞ്ഞു.



സംഭവവുമായി ബന്ധപ്പെട്ട് പേറ്റണ്‍ ഗ്രെന്‍ഡന്‍ എന്ന 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം കസ്റ്റഡിയിലിരിക്കെ മാസിക വിഭ്രാന്തി കാണിച്ച പ്രതിയുടെ വാക്കുകളില്‍ നിറയെ കറുത്ത വര്‍ഗക്കാരോടുള്ള വിദ്വേഷമായിരുന്നു. ജനുവരി മുതല്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തുവരികെയായിരുന്നു പ്രതി. കഴിഞ്ഞ 2021 ജൂണിലും സമാനമായ രീകിയില്‍ ഇയാള്‍ അക്രണത്തിന് ശ്രമിച്ചിരുന്നു.

സമീപകാലത്തുണ്ടായ ഏറ്റവും വലിയ വംശീയ കുട്ടക്കൊലയായാണ് പോലീസ് ഇതിനെ കാണുന്നത്. 2019 ല്‍ ന്യൂസിലാന്‍ഡില്‍ ഉണ്ടായ വെടിവയ്പുകള്‍ക്ക് ഇതിന് ചില സാമ്യങ്ങള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. 2022 ഇതുവരെ അമേരിക്കയില്‍ 198 വെടിവയ്പ്പുകള്‍ ഉണ്ടായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.