കൊച്ചി: ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരള കത്തോലിക്കാ സഭ നടത്തിയിരിക്കുന്നതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ സേവനങ്ങൾ സമാനതകളില്ലാത്തതാണെന്ന് കെസിബിസി ഹെൽത്ത് കമ്മീഷൻ.
വിദ്യാഭ്യാസ - ആതുര ശുശ്രൂഷ മേഖലകൾക്ക് കേരളത്തിൽ അടിത്തറയിട്ടത് ക്രൈസ്തവ സമൂഹങ്ങളാണെന്നും ഏവരും മനസിലാക്കിയിട്ടുള്ള വസ്തുതകളാണ്. എന്നിരുന്നാലും സമീപകാലങ്ങളിലായി ചില തൽപരകക്ഷികളുടെ നേതൃത്വത്തിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢ നീക്കങ്ങളും അവഹേളന ശ്രമങ്ങളും പ്രകടമാണ്.
റൂൾസ് ആൻഡ് റെഗുലേഷൻസിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിക്കൂട്ടിൽ നിർത്തി വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പതിവായിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ റൂൾസ് ആൻഡ് റെഗുലേഷൻസ് എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെങ്കിലും പ്രത്യേകമായി ക്രിസ്ത്യൻ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പരിശോധനകളും ചെറിയ പിഴവുകളെപ്പോലും പർവ്വതീകരിച്ചുകൊണ്ടുള്ള മാധ്യമ വിചാരണകളും സമീപ ദിവസങ്ങളിൽപ്പോലും നടന്നിട്ടുണ്ട്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷനും ഹോസ്പിറ്റൽസ് അസോസിയേഷനും കെസിബിസി ജാഗ്രതാ കമ്മീഷനും ക്രൈസ്തവ നഴ്‌സിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നു.
നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും വിവാദങ്ങൾ സൃഷ്ടിച്ചും ക്രൈസ്തവ സ്ഥാപനങ്ങളുടെ സൽപ്പേര് നശിപ്പിക്കാനും സാമുദായിക സംഘർഷം സൃഷ്ടിക്കാനുമുള്ള തൽപരകക്ഷികളുടെ നീക്കങ്ങൾ ഇത്തരം ഇടപെടലുകൾക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെസിബിസി ഹെൽത്ത് കമ്മീഷൻ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ മാനദണ്ഡങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കെസിബിസി ഹെൽത്ത് കമ്മീഷൻ വേണ്ട നിർദ്ദേശങ്ങളും തിരുത്തലുകളും നൽകിവരുന്നുണ്ട്. അതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവരും മാധ്യമ പ്രസ്ഥാനങ്ങളും പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് എസ്ബിഎസ് സെക്രട്ടറി ഡോ. സിസ്റ്റർ ലില്ലിസ പറഞ്ഞു.
കേരള കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. കാലാനുസൃതമായി കൂടുതലായെന്തെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ടെങ്കിൽ അത്തരം വിഷയങ്ങൾ മാനേജ്‌മെന്റുകളുടെ ശ്രദ്ധയിൽ പെടുത്താനുള്ള സംവിധാനങ്ങൾ സർക്കാർ കുറച്ചുകൂടി ഫലപ്രദമാക്കേണ്ടതുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും മുഖം നോട്ടമില്ലാതെ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതരോട് അഭ്യർത്ഥിക്കുന്നു.
അച്ചടക്കമുള്ള ജീവിതത്തിനും കരിയറിനും ആവശ്യമായ മാർഗ നിർദ്ദേശങ്ങളാണ് ഇപ്പോൾ പ്രത്യേകമായി വിമർശന വിധേയമാവുമായും അനാവശ്യ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തത്. വിദ്യാർത്ഥികൾക്ക് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസ സാഹചര്യം ഒരുക്കിയില്ലെങ്കിൽ അവരുടെ ഭാവിയെത്തന്നെയും സ്ഥാപനത്തിൻ്റെ ലക്ഷ്യങ്ങളെയും കുരുതി കൊടുക്കുകയാവും നാം ചെയ്യുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥാപനങ്ങളും സർക്കാരും മാതാപിതാക്കളും സംഘടനകളും സഹകരിച്ചുകൊണ്ട് തുടർവിദ്യാഭ്യാസ മേഖലകൾ നേരിടുന്ന വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടെ അതിജീവിക്കേണ്ടതുണ്ട്.
കേരളത്തിലെ ഭാവിപൗരന്മാരുടെ സുരക്ഷിതത്വവും സമഗ്ര വളർച്ചയും മുൻനിർത്തി തൽപരകക്ഷികളുടെ ഇടപെടലുകളിൽനിന്നും നിക്ഷിപ്ത താല്പര്യങ്ങളിൽനിന്നും ആതുര-വിദ്യാഭ്യാസ മേഖലയെ വിമുക്തമാക്കാൻ കേരളത്തിലെ പൊതുസമൂഹം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത്തരം വിഷയങ്ങളിൽ കേരള കത്തോലിക്കാ സഭ ബദ്ധശ്രദ്ധമാണെന്ന് ഒരിക്കൽക്കൂടി പ്രസ്താവിക്കുന്നുവെന്ന് കെസിബിസി ഹെൽത്ത്കമ്മീഷൻ, എസ്ബിഎസ് സെക്രട്ടറി ഡോ. സിസ്റ്റർ ലില്ലിസ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.