കെഎസ്ആര്‍ടിസിക്ക് കടം കൊടുക്കാനാകില്ലെന്ന് കെടിഡിഎഫ്‌സി; ജാമ്യം നില്‍ക്കാനില്ലെന്ന് സര്‍ക്കാരും

കെഎസ്ആര്‍ടിസിക്ക് കടം കൊടുക്കാനാകില്ലെന്ന് കെടിഡിഎഫ്‌സി; ജാമ്യം നില്‍ക്കാനില്ലെന്ന് സര്‍ക്കാരും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കടം എടുത്ത് ശമ്പളം നല്‍കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഇന്നലെ വിജയിച്ചില്ല. കെടിഡിഎഫ്‌സിയില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു മാനേജ്‌മെന്റ് നീക്കം. എന്നാല്‍ അതും പാളി. സര്‍ക്കാര്‍ ജാമ്യം ഉണ്ടെങ്കില്‍ മാത്രം വായ്പ നല്‍കാമെന്ന നിലപാടാണ് കെടിഡിഎഫ്‌സി സ്വീകരിച്ചത്.

30 കോടി രൂപ കെടിഡിഎഫ്‌സിയില്‍ നിന്നു കടമെടുക്കാനായിരുന്നു ശ്രമം. ഈ വായ്പ ലഭിക്കുന്നതിനു സര്‍ക്കാര്‍ ഈട് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ശമ്പളത്തിനു പണം കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തണമെന്നാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയത്. സര്‍ക്കാരും പിന്മാറുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് കെടിഡിഎഫ്‌സി വായ്പ നല്‍കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

സര്‍ക്കാരും കെഎസ്ആര്‍ടിസിയെ ഏകദേശം കൈവിട്ട മട്ടാണ്. പ്രവര്‍ത്തനത്തിനുള്ള വരുമാനം സ്വയം കണ്ടെത്തണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായമാണ് ഗതാഗത മന്ത്രി ആന്റണി രാജുവില്‍ നിന്നും പുറത്തു വരുന്നത്.

82 കോടി രൂപയാണ് ശമ്പള വിതരണത്തിനായി ഒരു മാസത്തേക്ക് വേണ്ടത്. 30 കോടി സര്‍ക്കാര്‍ നല്‍കിയെങ്കിലും ബാക്കി പണം മാനേജ്‌മെന്റ് കണ്ടെത്തേണ്ടി വരും. പ്രതിദിന വരുമാനത്തില്‍ നിന്ന് ഇന്ധനച്ചെലവിനുള്ള പണമെടുത്ത ശേഷം ബാക്കി ശമ്പളത്തിനു നല്‍കാന്‍ തീരുമാനിച്ചാലും തികയില്ല.

കെഎസ്ആര്‍ടിസില്‍ ചെലവ് ചുരുക്കലിന് സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി വര്‍ക്ക്‌ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചുരുക്കാന്‍ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും തൊഴിലാളികളുടെ കാര്യക്ഷമത കൂടുതല്‍ ഉറപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. കോര്‍പറേഷന്റെ നവീകരണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്

സംസ്ഥാനത്ത് ആകെ 100 വര്‍ക്ക്‌ഷോപ്പുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇത് 22 എണ്ണമാക്കി ചുരുക്കാനാണ് തീരുമാനം. ഇതിനായി തെരഞ്ഞെടുക്കുന്ന വര്‍ക്ക്‌ഷോപ്പുകളെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആധുനിക തൊഴിലിടങ്ങളാക്കി മാറ്റും.

തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്, മാവേലിക്കര, എടപ്പാള്‍, കോഴിക്കോട്, ആലുവ എന്നീ സ്ഥലങ്ങളിലെ റീജണല്‍ വര്‍ക്ക് ഷോപ്പുകളും ജില്ലാ വര്‍ക്ക്‌ഷോപ്പുകളുമാണ് നവീകരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളിലേക്ക് മാനേജ്‌മെന്റ് കടന്നുകഴിഞ്ഞു. എന്നാല്‍ ഇതെല്ലാം അധിക ബാധ്യതയാണെന്ന നിലപാടാണ് തൊഴിലാളി യൂണിയനുകള്‍ക്കുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.