ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ 18 കാരന്‍ നടത്തിയത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കഴിഞ്ഞ ശനിയാഴ്ച്ച സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തും അകത്തുമായി വെടിവെയ്പ്പ് നടത്തിയത്. വെടിവെയപ്പില്‍ 10 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെടുകയും ഒരു കറുത്തവര്‍ഗക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ കോണ്‍ക്ലിനില്‍ നിന്നുള്ള പെയ്റ്റണ്‍ എസ്. ജെന്‍ഡ്രോണ്‍ എന്ന 18 കാരനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് വംശവെറിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. മാത്രമല്ല കൊലപാതകത്തിന് പിന്നില്‍ ദീര്‍ഘനാളത്തെ ആസൂത്രണം ഉണ്ടായിരുന്നതായും പോലീസ് കമ്മീഷണര്‍ ജോസഫ് ഗ്രാമഗ്ലിയ പറഞ്ഞു.
ജനുവരി മുതല്‍ ആക്രമണത്തിനുള്ള പദ്ധതി തയാറാക്കി വരികെയായിരുന്നു. സ്ഥലം നിര്‍ണയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രതി ബഫലോയില്‍ എത്തി. കറുത്തവര്‍ഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലം എന്ന നിലയിലാണ് ബഫലോ തിരഞ്ഞെടുത്തത്. അവിടെ കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന ടോപ്‌സ് ഫ്രെഡ്‌ലി സൂപ്പര്‍മാര്‍ക്കറ്റ് കൊല നടത്താനുള്ള സ്ഥലമായി നിശ്ചയിച്ചു.
വെടിവയ്പ്പ് നടക്കുന്ന തലേന്നും പ്രതി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയിരുന്നു. സ്വയം കാര്‍ ഓടിച്ച് എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി സൂപ്പര്‍മാര്‍ക്കറ്റിന് ഉളളില്‍ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചിത്രങ്ങളും ഇടനാഴികളും സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത ശേഷമാണ് സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തും അകത്തുമായി പ്രതി വെടിവയ്പ്പ് നടത്തിയത്.
തക്കസമത്ത് പൊലീസ് എത്തിയിരുന്നില്ലെങ്കില്‍ കൂടുതല്‍ കറുത്തവര്‍ക്കാരെ ഇയാള്‍ വകവരുത്തുമായിരുന്നു എന്ന് കമ്മീഷണര്‍ ജോസഫ് ഗ്രാമഗ്ലിയ പറഞ്ഞു. മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റിലും സമാനമായ രീതിയില്‍ അക്രമം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. പൊലീസ് എത്തിയതോടെ സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തിറങ്ങി പ്രതി കീഴടങ്ങുകയായിരുന്നു. ഇയാളുടെ വാഹനത്തില്‍ നിന്ന് മറ്റൊരു റൈഫിളും ഒരു വെടിയുണ്ടയും അധികൃതര്‍ കണ്ടെടുത്തതായും കമ്മീഷണര്‍ പറഞ്ഞു.
സംഭവ സ്ഥലം പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഇരകളുടെ കുടുംബാംഗങ്ങളെ നേരില്‍ കാണും. ഇരകളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്താകെ കറുത്തവര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന വംശവെറിക്കെതിരെ ഭരണകൂടം ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.