മത സാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോ മലബാർ സഭ

മത സാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോ മലബാർ സഭ

"തീവ്രവാദ ഭീഷണികൾ, സ്ത്രീകളും കുട്ടികളും കെണിയിൽപെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം- മയക്കു മരുന്നു വ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങൾ മുതലായവ ന്യായവും നീതിപൂർവകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതുവഴി മാത്രമേ മത സമുദായ സൗഹാർദം യാഥാർത്ഥ്യമാവുകയുള്ളൂ".


കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്.

എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായ സൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനു പകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായ ധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർ പോലും ശ്രമിക്കുന്നത്.

ഇത്തരത്തിൽ താത്കാലിക നേട്ടങ്ങൾക്കുവേണ്ടിയും തെരഞ്ഞെടുപ്പു വിജയം ലക്ഷ്യം വച്ചും ക്രൈസ്തവ സമുദായത്തെയും സഭാ നേതൃത്വത്തെയും അവഹേളിക്കുവാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷൻ യോഗം വിലയിരുത്തി. വിവിധ മതങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലും സൗഹാർദങ്ങൾ വളർത്തുന്നതിനുള്ള പരിശ്രമങ്ങൾ പലപ്പോഴും ഉപരിപ്ലവമായ പ്രകടനങ്ങളിലൊതുങ്ങുകയാണ്.

പൊതുസമൂഹം അഭിമുഖീകരിക്കുന്ന തീവ്രവാദ ഭീഷണികൾ, സ്ത്രീകളും കുട്ടികളും കെണിയിൽപെടുന്ന സാഹചര്യങ്ങൾ, കള്ളപ്പണം- മയക്കു മരുന്നു വ്യാപനം, ന്യൂനപക്ഷ വിഷയങ്ങളിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള വിവേചനങ്ങൾ മുതലായവ മുൻവിധിയോടെയല്ലാത്ത ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കി ന്യായവും നീതിപൂർവകവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതുവഴി മാത്രമേ മതസമുദായ സൗഹാർദം യാഥാർത്ഥ്യമാവുകയുള്ളൂ.

ഭൂരിപക്ഷവർഗീയതയെയും മതരാഷ്ട്രവാദത്തെയും എല്ലാത്തരം അധിനിവേശങ്ങളെയും തള്ളിപറഞ്ഞുകൊണ്ട് രാഷ്ട്രത്തിൻ്റെ അഖണ്ഡതയും ബഹുസ്വരതയും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള ആത്മാർത്ഥശ്രമങ്ങളും ഇതോടൊപ്പം ഉണ്ടാകണം.

സാമൂഹ്യ സുസ്ഥിതിക്കു വേണ്ടി സമുദായ സൗഹാർദം നിലനിർത്താൻ എല്ലാ മതങ്ങൾക്കും രാഷ്ട്രീയകക്ഷികൾക്കും കലാ സാംസ്കാരിക മാധ്യമ സിനിമാ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹം മുഴുവനും കടമയുണ്ട്.

സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ ആർച്ചു ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറി ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, അസി. സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.