ന്യൂജേഴ്‌സി: സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി റവ.ഫാ. ടോണി പുല്ലുകാട്ടിന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം.
ചങ്ങനാശേരി എസ്.ബി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്‍ഗത്തിലൂടെ നയിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തുടര്‍ന്ന് തൻ്റെ ജീവിതത്തെ അതിനായി പാകപ്പെടുത്തിയപ്പോള്‍ വിശ്വാസികള്‍ക്ക് ലഭിച്ചത് ലാളിത്യവും എളിമയും സേവനതല്‍പരതയും കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഫാദര്‍ ആന്റണി പുല്ലുകാട്ട് എന്ന പ്രിയപ്പെട്ട ടോണി അച്ചനെയാണ്.
പൗരോഹിത്യ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഫാ ടോണി ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫോറോന ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും നേതൃപാടവത്തിന്റേയും മകുടോദാഹരണമാണ്.
കോട്ടയം ജില്ലയിലെ ചങ്ങനാശേരി ചീരഞ്ചിറ പുല്ലുകാട്ട് സേവ്യറിന്റെയും, മറിയാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1970, നവംബര്‍ 7 -ന് ജനിച്ച ആൻ്റണി സേവ്യറിന്റെ ജീവിതത്തിന്റെ തുടക്കവും മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയെ പോലെ തന്നെയായിരുന്നു. വേരൂര്‍ സെൻറ് ജോസഫ് സിറോ മലബാര്‍ ഇടവകയില്‍ ഉള്‍പ്പെട്ട പുല്ലേക്കാട്ട് കുടുംബം ഇടവക ദേവാലയവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവരും ഉറച്ച ദൈവവിശ്വാസമുള്ളവരുമായിരുന്നു.
കുടുംബത്തിൽനിന്നു ലഭിച്ച വിശ്വാസപൈതൃകവും, മാനവിക മൂല്യങ്ങളും ദൈവിക ചിന്തയിൽ വളരുന്നതിനും തന്‍റെ ദൈവവിളി തെരഞ്ഞെടുക്കുന്നതിനും ടോണിയച്ചനെ ഏറെ സഹായിച്ചു. കുട്ടിക്കാലത്തുതന്നെ അൾത്താര ബാലനായി ശുശ്രൂഷ ചെയ്തു. മിഷന്‍ ലീഗും സണ്‍ഡേ സ്‌കൂളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന് ഒമ്പതാം ഗ്രേഡില്‍ പഠിക്കുന്ന സമയത്ത് മൂന്നാം ഗ്രേഡിലെ അധ്യാപകന് പകരം ആദ്യമായി പഠിപ്പിക്കാന്‍ അവസരം ലഭിച്ചത് ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.
ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സഹോദരിമാര്‍ നടത്തിയിരുന്ന വേരൂര്‍ സെൻറ് മേരീസ് എല്‍പി സ്‌കൂളിലും ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയായ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് പ്രീഡിഗ്രി വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ ചേര്‍ന്നതായിരുന്നു. വൈദികവൃത്തിയാണ് തൻ്റെ ജീവിത നിയോഗമെന്ന് അവിടെ വച്ച് തിരിച്ചറിഞ്ഞ അദ്ദേഹം 1988-ല്‍ കുറിച്ചി സെൻറ് തോമസ് മൈനര്‍ സെമിനാരിയില്‍ വൈദീക പഠനം ആരംഭിച്ചു. തുടര്‍ന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥിതിചെയ്യുന്ന റുഹാലയ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം പൂര്‍ത്തിയാക്കി. വൈദിക പരിശീലനത്തിന്റെ നിര്‍ണായകഘട്ടം ഇവിടെ നിന്നു പിന്നിട്ട അദ്ദേഹം ഉജ്ജയിനിലെ വിക്രം സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ്, ഹിന്ദി, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും റുഹാലയ മേജര്‍ സെമിനാരിയില്‍നിന്നു ഫിലോസഫിയിലും ബിരുദം നേടി. വീണ്ടും പഠനം തുടര്‍ന്ന അദ്ദേഹം സാറ്റ്‌നയിലെ സെൻറ് എഫ്രേംസ് തീയോളോജിക്കല്‍ കോളേജില്‍ നിന്നും ദൈവശാസ്ത്രത്തിലും ബിരുദം നേടിയശേഷമാണ് കേരളത്തിലേക്ക് മടങ്ങിയത്.
ചങ്ങനാശ്ശേറി അതിരൂപതാ മെത്രാന്‍ മാര്‍.ജോസഫ് പൗവ്വത്തില്‍ നിന്നും 1998 ഏപ്രിൽ 14-ന് വൈദിക പട്ടം സ്വീകരിച്ച ഫാ ടോണി ചങ്ങനാശ്ശേരി സെൻറ് മേരീസ് ദേവാലയത്തില്‍ (പ്രശസ്തമായ പാറേല്‍ പള്ളി) ആണ് ആദ്യം സഹവികാരിയായി നിയമിതനാകുന്നത്. തുടര്‍ന്ന് കുറുമ്പനാടം സെൻറ് ആന്റണീസ് പള്ളിയിലും (1999-2000), തോട്ടയ്ക്കാട് സെൻറ് ജോര്‍ജ് പള്ളിയിലും സഹവികാരിയായി പ്രവര്‍ത്തിച്ച ശേഷം, ആലപ്പുഴ ജില്ലയിലെ കണ്ടങ്കരി സെൻറ് ജോസഫ് പള്ളിയിലാണ് ആദ്യമായി വികാരിയച്ചനാകുന്നത്. പിന്നീട് മാമ്പുഴക്കരിയിലെ ലൂര്‍ദ് മാതാ പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു. അതിരൂപതയ്ക്ക് കീഴിലെ ആത്മാ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലേക്ക് വൈദിക സേവനത്തിനായി അയക്കപ്പെടുന്നത്. തുടര്‍ന്ന് 2008-ല്‍ അമേരിക്കയിലെ അലബാമയിലുള്ള മൊബൈല്‍ അതിരൂപതയില്‍ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ചു. തുടർന്ന് ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ടെക്‌സാസിലെ പെയർലാൻഡ് സെൻറ് മേരീസ് സീറോ മലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ചുരുങ്ങിയ കാലം വികാരിയായ സേവനമനുഷ്ഠിച്ചശേഷം ശേഷം അദ്ദേഹം ബോസ്റ്റണിലേക്ക് പുതിയ ചുമതലയുമായി യാത്രതിരിച്ചു.
ബോസ്റ്റണിലെ സെൻറ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവലയത്തില്‍ 2017 ഫെബ്രുവരി 5-ന് വികാരിയായി ചുമതലയേറ്റ ഫാദര്‍ ആൻ്റണി പുല്ലുകാട്ട് പെട്ടന്നാണ് ഇടവക വിശ്വാസികളുടെ പ്രിയപ്പെട്ട ടോണി അച്ചനായി മാറിയത്. തന്റെ മുന്നിലെത്തിയ എല്ലാവരേയും ഒരു പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹം ഇടവകനിവാസികളുടെ സ്‌നേഹവും ആദരവും നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇടവക നിവാസികള്‍ക്കെല്ലാം അദ്ദേഹം ഒരു അനുഗ്രഹീത സാന്നിധ്യമായി നിലകൊണ്ടു. ഇടവക നിവാസികള്‍ അച്ചന്റെ നേതൃപാടവം ഏറ്റവുമധികം മനസ്സിലാക്കിയത് കോവിഡ് 19 മഹാമാരി പടര്‍ന്നുപിടിച്ച കാലത്തായിരുന്നു. ലോകം സാമൂഹിക അകലം പാലിച്ച് പരസ്പരം അകന്നുമാറിയപ്പോള്‍, ടോണി അച്ചന്‍ തന്റെ വിശ്വാസികളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയാണ് ചെയ്തത്.
മസാച്ചുസെറ്റ്‌സ് മാര്‍ച്ച് 12-ന് ലോക്ഡൗണിലേക്ക് കടന്നപ്പോള്‍ 12 ദിവസത്തിനുള്ളില്‍ കുര്‍ബാന ലൈവ് സ്ട്രീമിങ്ങില്‍ നടത്തി വിശ്വാസികള്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു. മതം, സാഹിത്യം, കല എന്നിവയില്‍ ഇടവക വിശ്വാസികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി എസ്.എം.സി.ബി ടൈംസ് എന്ന ഡിജിറ്റല്‍ മാസികയും ആരംഭിച്ചു.
2020 നവംബർ 28-ന് ന്യൂജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ വികാരിയായി നിയമിതനായി. സോമര്‍സെറ്റ് ഇടവക ദേവാലയത്തില്‍ നിയോഗിത സേവനം അര്‍പ്പണ മനോഭാവത്തോടെ നയിക്കുമ്പോഴും മറ്റു മേഖലകളില്‍ തന്റെ പരിചയ സമ്പത്തും വൈദീക അനുഭവവും മതബോധന രംഗത്തെ തന്റെ അറിവും ധ്യാന ചിന്തകളും മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്‍കുവാനും ഫാ ടോണി സമയം കണ്ടെത്തുന്നു.
സഭയുടെ ഐക്യവും മഹത്വവും കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ടോണി അച്ചന്‍ ഉത്തരവാദിത്വങ്ങള്‍ ദൈവമഹത്വത്തിനായി നിറവേറ്റുന്നതില്‍ പ്രകടിപ്പിക്കുന്ന ഔത്സുക്യം എടുത്തുപറയേണ്ടിയതാണ്. കര്‍മനിരതനായ ഒരു അജപാലകനെയാണ് ടോണി അച്ചനില്‍ ഇവിടത്തെ ഇടവക സമൂഹത്തിനു കാണുവാന്‍ കഴിയുന്നത്. ഓരോ ക്രിസ്തീയ കുടുംബവും തിരുക്കുടുംബമായി മാറാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്കാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് എന്ന തന്റെ ബോധ്യം ഹൃദയത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്ന ഫാ ടോണി, തന്റെ ഇടയജനത്തെയും ആ വലിയ ബോധ്യത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളില്‍ ബദ്ധശ്രദ്ധാലുവാണ്.
ചങ്ങനാശേരി ചീരഞ്ചിറ എന്ന സ്ഥലത്തുനിന്നും ആരംഭിച്ച അച്ചന്റെ ജീവിത യാത്ര സോമര്‍സെറ്റില്‍ എത്തി നില്‍ക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ ഒപ്പം നിന്ന ദൈവത്തിന്റെയും, മനുഷ്യരുടെയും സ്‌നേഹവും, സാന്ത്വനവും, കരുതലും എത്രമാത്രമാണെന്നു ഞങ്ങള്‍ അറിയുന്നു. മാനുഷിക കഴിവുകൾക്കും പ്രാഗത്ഭ്യങ്ങൾക്കുമപ്പുറം, വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവം നൽകുന്ന അനുഗ്രഹവും സംരക്ഷണവുമാണ് നാളിതുവരെ ടോണി അച്ചന്റെ അജപാലന പ്രവർത്തനങ്ങളുടെ വിജയരഹസ്യം.
പൗരോഹിത്യ ജീവിതത്തിന്റെ നീണ്ട 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുശവന്റെ കൈയ്യിലെ കളിമണ്ണുപോലെ (ജെറിമിയ 18-6) അതിശക്തമായ ദൈവത്തിന്റെ കരങ്ങളില്‍ തന്നെ സമര്‍പ്പിച്ചു ‘ഇതാ ഞാന്‍’ എന്ന പ്രത്യുത്തരം നല്‍കാന്‍ വേണ്ടി ഓരോ നിമിഷവും മനസ്സിനെ സജ്ജമാക്കുന്ന ഫാ ടോണിക്ക് ഇടവക സമൂഹത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു.
ജൂബിലിയോടനുബന്ധിച്ച് ഇടവക ദേവാലയമായ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ വച്ച് 2022 ജൂൺ 5-നു ഞായറാഴ്ച രാവിലെ 9:30-ന് ഫാ ടോണി കൃതജ്ഞതാബലി അര്‍പ്പിക്കും. ദിവ്യബലിയെ തുടര്‍ന്ന് പൗരോഹിത്യ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാന്‍ സോമര്‍സെറ്റിലെ വിശ്വാസിസമൂഹം 11:30ന് അനുമോദന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26