തൃശൂര്‍: അമ്മ മൊബൈല്‍ ഗെയിം ഡീലിറ്റ് ചെയ്തതിന്റെ കലിപ്പില്‍ എട്ടാം ക്ലാസുകാരന്‍ വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. പൊലീസ് സമയോചിതമായ ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
'മകന്‍ മൊബൈല്‍ ഗെയിമിന് അടിമയായത് തിരിച്ചറിഞ്ഞ് അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങി അതിലെ ഗെയിമുകളും കോണ്‍ടാക്റ്റ് നമ്പരും ഡീലിറ്റ് ചെയ്തു. മകന്റെ ഇതുവരെ കാണാത്ത സ്വഭാവ പ്രകൃതത്തെയാണ് അന്ന് കുടുംബം കണ്ടത്. അമ്മയേയും അനിയത്തിയേയും തള്ളിമാറ്റി അലറികൊണ്ട് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ചേട്ടന്റെ മാനസിക വിഭ്രാന്തി കണ്ട് അനുജത്തി പേടിച്ചു കരഞ്ഞ് ഒളിച്ചിരുന്നു.
അവന്‍ അടുക്കളയില്‍ പോയി മണ്ണെണ്ണയെടുത്ത് വീട്ടില്‍ മുഴുവന്‍ ഒഴിച്ച് എല്ലാം ചുട്ടുചാമ്പലാക്കുമെന്ന് പറഞ്ഞ് അലറി നടക്കാന്‍ തുടങ്ങി. മാനസിക വിഭ്രാന്തിയോടെ അവന്‍ തീപ്പെട്ടിക്കായി തെരഞ്ഞു നടക്കുമ്പോള്‍ അമ്മ വേറെയൊന്നും ആലോചിച്ചില്ല ഉടന്‍തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു.' കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത് വീടുമുഴുവനും മണ്ണെണ്ണയൊഴിച്ച് സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലായിരുന്നു. ബാത്ത് റൂമില്‍ കയറി കതകടച്ച കുട്ടിയോട് പോലീസുദ്യോഗസ്ഥര്‍ അനുനയത്തില്‍ സംസാരിച്ച് വാതിലില്‍ തട്ടികൊണ്ടിരുന്നു.
അടുത്തു വന്നാല്‍ തീയിടും... പൊയ്‌ക്കോ... എന്നുള്ള അവന്റെ ഭീഷണികളോട് വളരെ സൗമ്യമായി പ്രതികരിച്ച് അവന് മൊബൈല്‍ തിരിച്ചുതരാമെന്നും ഡീലിറ്റു ചെയ്ത ഗെയിം മുഴുവനും സൈബര്‍ സെല്‍ മുഖേന ഉടന്‍ തന്നെ തിരിച്ചെടുക്കാമെന്നും വളരെ സമാധാനപരമായി പോലീസുദ്യോഗസ്ഥര്‍ അവന് വാഗ്ദാനം നല്‍കി. അതോടെ അവന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പോലീസ് വ്യക്തമാക്കി.
കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.