പത്തുമാസം കൊണ്ട് ഇരട്ടിത്തുക: വിദേശ കമ്പനിയുടെ പേരില്‍ തട്ടിയത് കോടികള്‍; അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍

പത്തുമാസം കൊണ്ട് ഇരട്ടിത്തുക: വിദേശ കമ്പനിയുടെ പേരില്‍ തട്ടിയത് കോടികള്‍; അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍

അടിമാലി: പത്തുമാസം കൊണ്ട് ഇരട്ടി തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ നാലംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. അടിമാലി ടൗണിലെ വനിതാ ഓട്ടോ ഡ്രൈവര്‍ പൊളിഞ്ഞപ്പാലം പുറപ്പാറയില്‍ സരിത (39), കോട്ടയം കാണക്കാരി പട്ടിത്താനം സ്വദേശികളായ ചെരുവില്‍ ശ്യാമളകുമാരി സുജ (55), മകന്‍ വിമല്‍ (29), ഇവരുടെ ബന്ധു ചെരുവില്‍ ജയകുമാര്‍ (42) എന്നിവരെയാണ് ഇടുക്കി എ.എസ്.പി രാജ് പ്രസാദിന്റെ നിര്‍ദേശ പ്രകാരം അടിമാലി പൊലീസ് അറസ്റ്റു ചെയ്തത്.

അടിമാലി സ്വദേശികളായ ജയന്‍, ഷിബു, പീറ്റര്‍, മത്തായി, രാജേഷ് എന്നിവരുടെ 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാര്‍ സുഹൃത്തുക്കളാണ്. ഇത്തരത്തില്‍ അടിമാലിയില്‍ 50ഓളം പേരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തു വന്നിട്ടില്ല. അടിമാലിയിലെ വന്‍കിടക്കാരുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ കോവിഡ് കാലത്താണ് ഇത്തരത്തില്‍ പണപ്പിരിവ് തുടങ്ങിയത്. സരിതയാണ് അടിമാലിയിലെ ഏജന്റ്. ജയകുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ജയകുമാര്‍ അടിമാലിയിലെത്തി ഓട്ടോ ഡ്രൈവറായ സരിതയെ പരിചയപ്പെട്ട് ഏജന്റാക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വിദേശ കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 10 മാസം കൊണ്ട് ഇരട്ടിത്തുക നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ഈ പണം കൊണ്ട് കമ്പനി സ്വര്‍ണം, ക്രൂഡ് ഓയില്‍, പ്ലാറ്റിനം എന്നിവ വാങ്ങി കച്ചവടം നടത്തും. ഇതിന്റെ ലാഭ വിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നതെന്നായിരുന്നു വാഗ്ദാനം. പണം നല്‍കുന്നവര്‍ക്ക് വിദേശ കമ്പനിയുടെ ഒരു വ്യാജ സൈറ്റും ഓപ്പണ്‍ ചെയ്ത് നല്‍കിയിരുന്നു. ഇതാണ് കൂടുതലും ആളുകള്‍ ഇതിലേയ്ക്ക് ആകര്‍ഷിക്കാന്‍ കാരണം. അടിമാലിയിലെ ചില പ്രധാനികള്‍ക്ക് ആദ്യഘട്ടത്തില്‍ ഇരട്ടിത്തുക നല്‍കി. ഇത് പ്രചരിപ്പിച്ചായിരുന്നു കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയതെന്നും പൊലീസ് പറഞ്ഞു.

ഇപ്പോഴത്തെ പരാതിക്കാര്‍ എല്ലാവരും തന്നെ സരിതയുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അതിനാല്‍ കേസിലെ ഒന്നാം പ്രതി സരിതയാണ്. ഒരു ലക്ഷം രൂപയ്ക്ക് പതിനായിരം രൂപയായിരുന്നു സരിതയുടെ കമ്മീഷനെന്നും പൊലീസ് പറഞ്ഞു. സുജയും മകന്‍ വിമലും, ജയകുമാറിന്റെ സഹായിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. ജയകുമാര്‍ കോട്ടയം ജില്ലയില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിയെടുത്ത പണം കൊണ്ട് ജയകുമാര്‍ ഭൂമിയും കെട്ടിടങ്ങളും സമ്പാദിച്ചിട്ടുള്ളതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.