ഉത്തരാഖണ്ഡില്‍ ആപ്പിന് തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അജയ് കോഠിയാല്‍ പാര്‍ട്ടിവിട്ടു

ഉത്തരാഖണ്ഡില്‍ ആപ്പിന് തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അജയ് കോഠിയാല്‍ പാര്‍ട്ടിവിട്ടു

ഡെറാഡൂണ്‍: ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് കോഠിയാല്‍ പാര്‍ട്ടി വിട്ടു. ബുധനാഴ്ചയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ അംഗമായത്. 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഉത്തരകാശിയില്‍ നിന്നു മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബിജെപിയുടെ സുരേഷ് ചൗഹാനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. സൈന്യത്തിലെ വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ കോഠിയാലിന് ലഭിച്ചിട്ടുള്ള അദ്ദേഹം വിരമിച്ചതിന് ശേഷം ഒരു യൂത്ത് ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും ആര്‍മിയിലേക്കും മറ്റ് പ്രതിരോധ സേവനങ്ങളിലേക്കും റിക്രൂട്ട്മെന്റിനായി സംസ്ഥാനത്തെ യുവാക്കളെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

വിരമിച്ചതിന് ശേഷം ഉത്തരാഖണ്ഡിലെ തന്നെ നെഹ്റു മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ട് തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം ഉണ്ടായതോടെ ഉത്തരാഖണ്ഡിലെ എഎപി സംസ്ഥാന ഘടകവും 13 ജില്ലാ ഘടകങ്ങളും അരവിന്ദ് കെജ്രിവാള്‍ പിരിച്ചുവിട്ടിരുന്നു. ബിജെപി വിജയിച്ച് അധികാരം തുടര്‍ന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.