ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടു വന്നു; അസം സ്‌കൂളിലെ പ്രധാനാധ്യാപിക ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടു വന്നു; അസം സ്‌കൂളിലെ പ്രധാനാധ്യാപിക ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഗുവാഹത്തി: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടു വന്ന പ്രധാനാധ്യാപിക അറസ്റ്റില്‍. എംഇ സ്‌കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസയാണ് അറസ്റ്റിലായത്. അസമിലെ ഗോള്‍പാറ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണു സംഭവം. ഐപിസി 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് അന്‍പത്തിയാറുകാരിയായ പ്രധാനാധ്യാപികയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് പരാതി നല്‍കിയത്.

ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സംഭവം വിലയിരുത്തും.153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നെസയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ഗുണോത്സവ് പരിപാടിക്കിടെ ശനിയാഴ്ചയാണ് സംഭവം. പിറ്റേ ദിവസം തന്നെ ഗോള്‍പാറ ഹുര്‍കാചുങ്ഗി എംഇ സ്‌കൂളിലെ പ്രധാനാധ്യാപികയായ ദലിമ നെസയെ ലഖിംപുര്‍ മേഖല പൊലീസ് ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അധ്യാപിക ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നെന്നും മറ്റുള്ള ജീവനക്കാര്‍ക്ക് അതു നല്‍കിയെന്നുമാണ് മാനേജ്‌മെന്റിന്റെ പരാതി.

ചില ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായി. സംഭവത്തില്‍ ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായെന്നും മാനേജ്‌മെന്റിന്റെ പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.