പൊലീസുകാരോട് പൊതുജനം കാണിക്കുന്ന ബഹുമാനം അവരുടെ കാക്കി വേഷവും കൈയ്യിലെ ലാത്തിയും കണ്ട് ഭയന്നിട്ടല്ല. രാജ്യത്തിന്റെ ഭരണഘടനയോടും അത് നിര്‍വ്വചിച്ച് തന്നിട്ടുള്ള നീതിന്യായ വ്യവസ്ഥയോടുമുള്ള ബഹുമാനം കൊണ്ടാണ്... അത് ജനിച്ച നാടിന്റെ സുരക്ഷയെ കരുതിയാണ്... അവിടെ ഭയലേശമന്യേ ജീവിക്കുവാന്‍ വേണ്ടിയാണ്.
എന്നാല്‍ കാക്കിക്കുള്ളിലെ കള്ള നാണയങ്ങള്‍ നമ്മെ വല്ലാതെ ഭയപ്പെടുത്തുകയാണിപ്പോള്‍... വെറും വെള്ളിക്കാശിന് നാടിനെ ഒറ്റുകൊടുക്കുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി വിശേഷം. കേരളത്തില്‍ മുമ്പെങ്ങും കേട്ടുകേഴ്‌വി പോലുമില്ലാത്ത സംഭവങ്ങളാണ് സംസ്ഥാന പൊലീസ് സേനയില്‍ അനുദിനം അരങ്ങേറുന്നത്.
കേരളാ
പൊലീസിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന വാര്‍ത്ത രാജ്യ സ്‌നേഹമുള്ള ഏതൊരു പൗരന്റെയും ഉള്ളുലയ്ക്കുന്നതാണ്. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരാണ് കാക്കിയ്ക്കുള്ളിലെ വില്ലന്‍മാരായി മലയാളികളുടെ സുരക്ഷിത ബോധത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി മാറിയത്.
നാളുകളായി ഇവരെ നിരീക്ഷിച്ചു വന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണുകള്‍ വിശദമായി പരിശോധിച്ചെങ്കില്‍ മാത്രമേ കേരളാ പൊലീസിലും തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കൂടുതല്‍ വ്യക്തമാകൂ.
കേരളാ പൊലീസില്‍ ഇസ്ലാമിക തീവ്രവാദികളുണ്ടെന്നും അവരുടെ സ്ലീപ്പര്‍ സെല്ലുകള്‍ പൊലീസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആദ്യം പറഞ്ഞത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. 2020 ഫെബ്രുവരി 29 ന് കോഴിക്കോട് ബിജെപി സംഘടിപ്പിച്ച ഒരു പൊതു സമ്മേളനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ അത് ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായുള്ള പ്രസ്താവന എന്ന തരത്തിലേ അന്ന് കേരളത്തിന്റെ പൊതു സമൂഹം കണ്ടിരുന്നൊള്ളൂ. പക്ഷേ, പിന്നീടുണ്ടായ പല സംഭവ വികാസങ്ങളും കെ.സുരേന്ദ്രന്‍ പറഞ്ഞതില്‍ കുറച്ചു കാര്യങ്ങളുണ്ട് എന്ന് അനുമാനിക്കാന്‍ ഇട വരുത്തുന്നതാണ്.
കേരള പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഇസ്ലാമിക മത തീവ്രവാദ സംഘടനയായ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ കേസില്‍ തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ സ്‌റ്റേഷനിലെ പി.കെ അനസ് എന്ന പൊലീസുകാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
പൊലീസ് ശേഖരിച്ച ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങള്‍ എസ്ഡിപിഐ നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനസിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
കാക്കിക്കുള്ളിലെ തീവ്രവാദത്തിന് കനത്ത ശിക്ഷ വേണമെന്ന പൊതു വികാരം മാനിക്കാതിരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പിണറായി സര്‍ക്കാര്‍ ആ 'പൊലീസുകാരനെ' പിരിച്ചു വിടാന്‍ തയ്യാറായത്.
പിന്നീട് കേരളം കേട്ടത് ആലുവയില്‍ നടന്ന എസ്ഡിപിഐ ക്യാമ്പില്‍ അഗ്നി രക്ഷാ സേനയിലെ ചില ഉദ്യോഗസ്ഥരെത്തി സുരക്ഷാ പരിശീലനം നല്‍കിയെന്ന വാര്‍ത്തയാണ്. അതും വിവാദമായതോടെ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സര്‍ക്കാരിന് സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു.
പുറം ലോകം അറിഞ്ഞ സംഭവങ്ങള്‍ മാത്രമാണ് ഇവ. പൊലീസിനെയും ഇന്റലിജന്‍സ് ഏജന്‍സികളെയും വെല്ലുന്ന രഹസ്യാത്മക സ്വഭാവമുള്ള തീവ്രവാദ സംഘടനകളുടെ ചാരന്‍മാരായി കേരളാ പൊലീസില്‍ ഇനിയുമെത്ര പേര്‍ കടന്നു കൂടിയിട്ടുണ്ടാകും എന്നതാണ് നാടിനെ ഭയപ്പെടുത്തുന്നത്.
വോട്ടു കിട്ടാന്‍ ഏത് ചെകുത്താന്‍മാരോടും ചങ്ങാത്തം കൂടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇതൊന്നും വലിയ കാര്യമല്ലായിരിക്കാം. 'അതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലേ' എന്ന പതിവു മേമ്പൊടി ചേര്‍ത്തുള്ള വാചക കസര്‍ത്തിലൂടെ അവര്‍ തടിയൂരും.
കാരണം വാതോരാതെ മതേതരത്വം പറയുമെങ്കിലും മതപ്രീണന രാഷ്ട്രീയക്കളരിയിലെ എണ്ണം പറഞ്ഞ എഴുത്താശാന്‍മാരാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ ഭൂരിപക്ഷവും. അക്കാര്യത്തില്‍ കൊടിയടയാളങ്ങളുടെ വ്യത്യാസമില്ല. വോട്ടടിക്കാന്‍ ഏതറ്റം വരെയും പോകും അവര്‍.
ആപാദ മസ്തിഷ്‌കത്തില്‍ അധികാര ചിന്ത മാത്രമുള്ള രാഷ്ട്രിയക്കാര്‍ തങ്ങളുടെ മൂല്യങ്ങളേയും പാരമ്പര്യങ്ങളേയും പച്ചവെള്ളം ചേര്‍ത്ത് തെരഞ്ഞെടുപ്പ് ചന്തയില്‍ വില്‍പ്പനയ്ക്കു വയ്ക്കുമ്പോള്‍ അതില്‍ നുഴഞ്ഞു കയറുന്ന കീടങ്ങളും പ്രാണികളും അതി വിനാശകാരികളാണെന്ന തിരിച്ചറിവ് അവര്‍ക്ക് ഇനിയെങ്കിലുമുണ്ടായില്ലെങ്കില്‍ അത് ഈ നാടിന് തീരാ ശാപമായി മാറും.
അത്തരം ക്രിമി കീടങ്ങളെ കണ്ടെത്തി 'കടക്ക് പുറത്ത്' എന്നു പറയുവാനുള്ള തന്റേടം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടോ എന്നാണ് അറിയേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.