കേരള രാഷ്ട്രീയത്തിലെ അസംഭ്യ വാക്കുകളുടെ ആശാന്മാര്‍

കേരള രാഷ്ട്രീയത്തിലെ അസംഭ്യ വാക്കുകളുടെ ആശാന്മാര്‍

ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍ എന്ന കെ സുധാകരന്റെ പ്രസ്താവന കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ ചൂടു പിടിച്ച വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ചു. കെ സുധാകരനെതിരെ കേരളാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടിയിലേക്ക് കടന്നു. മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തി എന്ന കാരണത്താലാണ് കെ സുധാകരനെതിരെ പൊലീസ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയിന്‍ മേല്‍ ഐ.പി.സി 153-ാം വകുപ്പ് ചുമത്തി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ച സുധാകരനെ അധിക്ഷേപിക്കുന്ന പ്രസ്താവനകളും ഫേസ്ബുക് പോസ്റ്റുകളുമായി പിണറായി ബ്രിഗേഡും ഉടന്‍ രംഗത്തെത്തി. പിണറായി വിജയനും, എം എം മണിയും, അച്യുതാനന്ദനും മുന്‍കാലങ്ങളില്‍ പ്രയോഗിച്ച സഭ്യമല്ലാത്ത
വാക്കുകളുടെ വലിയ ശേഖരവുമായി പ്രതിപക്ഷം പ്രത്യാക്രമണം നടത്തി. സഭ്യമല്ലാത്ത പല വാക്കുകളും മലയാള ഭാഷാ നിഘണ്ടുവിലേക്ക് സംഭാവന ചെയ്ത മഹാന്മാരാണ് മുഖ്യമന്ത്രിയും മറ്റ് സി പി എം നേതാക്കളും എന്നാണ് ഇതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

ഇടത് മുന്നണിയില്‍ നിന്ന് യു ഡി എഫിലേക്ക് ചേക്കേറിയ എന്‍ കെ പ്രേമചന്ദ്രനെ 'പാരനാറി' എന്നും, മരിക്കും മുന്‍പ് മുന്‍ സി പി എം നേതാവ് മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്ന് പറഞ്ഞ താമരശേരി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ നികൃഷ്ട ജീവി എന്നും, കൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരനെ കുലംകുത്തി എന്നും വിളിച്ചത് ഇന്നത്തെ മുഖ്യ മന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ശുംഭന്‍, തള്ള, തുടങ്ങി നിരവധി അസംഭ്യ പദങ്ങളുടെ ആശാന്മാര്‍ ഇന്നും നമ്മുടെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിലസുമ്പോള്‍ ഇതെല്ലം കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പാവം പൊതു ജനം.

അന്തസിനും സംസ്‌കാരത്തിനും ചേരാത്ത പദ പ്രയോഗങ്ങളിലൂടെ പ്രതിയോഗികളെ നേരിടുന്ന ഒരു സംസ്‌കാരം കേരളത്തില്‍ ആരംഭിച്ചത് അടുത്ത കാലത്താണ്. ഇത് അപലപനീയമാണ്. നല്ല വാക്കുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ ഉദ്‌ബോധിപ്പിക്കുന്ന മാതാപിതാക്കള്‍ ടെലിവിഷന്‍ തുറക്കുമ്പോഴേ കേള്‍ക്കുന്നത് നേതാക്കന്മാരുടെ തെറിപ്പാട്ടുകള്‍. ഈ അധപതിച്ച രീതി അവസാനിപ്പിക്കാന്‍ മലയാളികള്‍ ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണം.

മുഖ്യമന്ത്രിയെ നായയോട് ഉപമിച്ചത് ശരിയല്ല, അതിന്റെ പേരില്‍ അദ്ദേഹം പൂര്‍വ്വകാലങ്ങളില്‍ ഉപയോഗിച്ച സഭ്യമല്ലാത്ത വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതും ശരിയല്ല. പക്ഷെ താന്‍ പലരെയും വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയ ഭൂതകാലം മറന്ന്, ഇന്ന് തനിക്കെതിരെ മോശമായ പദം ഉപയോഗിച്ച പ്രതിയോയ്ക്കെതിരെ കേസ് എടുത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനും ഈ വിഷയം ആവര്‍ത്തിച്ച് സമൂഹത്തില്‍ ചര്‍ച്ചയാക്കാനും മാത്രമേ പ്രയോജനപ്പെടു.

മാന്യമായ ഭാഷ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനനം നടത്തുന്ന ധാരാളം നേതാക്കള്‍ നമുക്ക് മുന്‍പില്‍ മാതൃകയായി നിലകൊള്ളുമ്പോള്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അതവരുടെ പക്വതയുടെയും കുടുംബ മഹിമയുടെയും സംസ്‌കാരത്തിന്റെയും കുറവായി കണ്ട് ജനങ്ങള്‍ പുച്ഛിച്ച് തള്ളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26