ഭര്‍ത്താവിന്റെ മരണ ശേഷം മുന്നോട്ടുള്ള വഴിയില്‍ ഇരുട്ടു മാത്രമായിരുന്നു മോളിക്ക് കൂട്ട്. എന്നാല്‍ കരഞ്ഞു തീര്‍ക്കാതെ മുന്നോട്ടു പോകാനായിരുന്നു എറണാകുളം ചിത്രപ്പുഴ ഒലിപ്പുറത്ത് വീട്ടില്‍ മോളിയുടെ തീരുമാനം. പ്രതിസന്ധികളെ മറികടക്കാന്‍ ഇച്ഛാശക്തി മാത്രമായിരുന്നു കൈ മുതല്‍. കഠിനാധ്വാനത്തിലൂടെ ജീവിതം മെല്ലെ കരുപ്പിടിപ്പിച്ചു. മക്കളെ പഠിപ്പിച്ചു, അവരുടെ വിവാഹം നടത്തി. അതിനു ശേഷമാണ് മോളി തന്റെ സ്വപ്നത്തിലേക്കു പറക്കാന്‍ തീരമാനം എടുത്തതും നടപ്പിലാക്കിയതും. ഇപ്പോള്‍ 10ലധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയ സന്തോഷത്തിലാണ് ചിത്രപ്പുഴയില്‍ പലചരക്കുകട നടത്തുന്ന 61കാരിയായ മോളി.
2004ലാണ് മോളിയുടെ ഭര്‍ത്താവ് ജോയി ഹൃദയാഘാതംമൂലം മരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന ഭര്‍ത്താവിന്റെ മരണശേഷം കുടുംബത്തിന്റെ ചുമതല മോളിയുടെ ചുമലിലായി. വീടിനോട് ചേര്‍ന്നുള്ള പലചരക്ക് കടയായിരുന്നു ഏക വരുമാന മാര്‍ഗം. കട കുറച്ചു കൂടി മെച്ചപ്പെടുത്തി. കൂടുതല്‍ സമയം തുറന്നുവെച്ചു. ഇടറോഡില്‍ അന്ന് കൂടുതല്‍ കടകള്‍ ഇല്ലാതിരുന്നതിനാല്‍ നല്ല കച്ചവടം കിട്ടി. ഒപ്പം നാട്ടുകാരുടെ പിന്തുണയും.
2012ലായിരുന്നു മോളിയുടെ ആദ്യ യാത്ര. അങ്ങ് യൂറോപ്പിലേക്ക്. പിന്നെ ഒരു യാത്ര തന്നെയായിരുന്നു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, വത്തിക്കാന്‍ തുടങ്ങി യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ കറങ്ങി തിരിച്ചെത്തി. ട്രാവല്‍ ഏജന്‍സി വഴിയായിരുന്നു ആദ്യ യാത്ര. ആദ്യ യാത്രയില്‍ കിട്ടിയ സമാന ചിന്താഗതിക്കാരായ നിരവധി കൂട്ടുകാരുടെ സഹായം പിന്നീടുള്ള യാത്രകള്‍ക്ക് മോളിക്ക് തുണയായി.
2015ല്‍ സിങ്കപ്പൂര്‍, മലേഷ്യ യാത്രകളും നടത്തി. 2017ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അടുത്തറിയാന്‍ അങ്ങോട്ടും ഒരു യാത്ര. അങ്ങനെ ഡല്‍ഹി, ആഗ്ര, ജയ്പുര്‍ തുടങ്ങിയ നഗരങ്ങള്‍ കറങ്ങിയ ശേഷം 2019ല്‍ വീണ്ടും 15 ദിവസ യാത്രയ്ക്കായി ഇംഗ്ലണ്ട്, പോളണ്ട്, ബെല്‍ജിയം, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒരു പോക്ക് അങ്ങ് പോയി.
ഇതിനിടയില്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് റോമിലേക്ക് ഒരു കപ്പല്‍യാത്രയും നടത്തി. രണ്ടുദിവസത്തെ കപ്പല്‍യാത്ര തന്ന ആഴക്കടല്‍ യാത്രയുടെ അനുഭവങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മോളി തന്നെ പറയുന്നു. 2021ലാണ് അമേരിക്കന്‍ യാത്ര. വിദേശ യാത്രകള്‍ക്ക് മുമ്പു തന്നെ ദക്ഷിണേന്ത്യയിലെ മിക്കവാറും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടു കഴിഞ്ഞിരുന്നു.
പ്രാദേശികമായ വിനോദ യാത്രകള്‍ക്ക് ഒപ്പം പോയാണ് മോളി യാത്രകള്‍ തുടങ്ങുന്നത്. പോയ സ്ഥലങ്ങളെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും മോളി തന്റെ ചെറു ഡയറിയില്‍ എഴുതി സൂക്ഷിച്ചിട്ടുമുണ്ട്.
മാത്രമല്ല യാത്രകള്‍ക്കായി ഒരു രൂപ പോലും മറ്റൊരാളില്‍ നിന്ന് വാങ്ങിയിട്ടില്ല. സ്വന്തം അധ്വാനത്തില്‍ നിന്നു സ്വരൂപിച്ച തുക മാത്രമാണത്. 10 ലക്ഷത്തോളം രൂപ ഇതുവരെ യാത്രയ്ക്കായി ചെലവഴിച്ചുവെന്ന് മോളി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.