വിസ്മയ കേസില്‍ വിധി ഇന്ന്; നീതി പ്രതീക്ഷിച്ച് കുടുംബം

വിസ്മയ കേസില്‍ വിധി ഇന്ന്; നീതി പ്രതീക്ഷിച്ച് കുടുംബം

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. രാവിലെ പതിനൊന്നിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങി പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യത്തോടെ കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21നാണ് വിസ്മയയെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിന്റെ വീടായ പോരുവഴിയിലെ വീട്ടില്‍ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിസ്മയയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒളിവില്‍ പോയ കിരണ്‍ കുമാര്‍ ജൂണ്‍ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10ന് കുറ്റപത്രം സമര്‍പ്പിച്ചു.

ജനുവരി 10ന് തുടങ്ങിയ വിചാരണ ഈ മാസം 18ന് പൂര്‍ത്തിയായി. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം പീഡനം സംബന്ധിച്ച ഒരു ശബ്ദരേഖ കൂടി പുറത്തുവന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്‍പതാം ദിവസം വിസ്മയ അച്ഛന്‍ ത്രിവിക്രമനോട് സംസാരിച്ചതാണ് ഇപ്പോള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശമായിരുന്നു അത്. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതും കിരണ്‍ അറസ്റ്റിലായതും.

വിസ്മയ മരിച്ച് 11 മാസവും രണ്ട് ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് നാല് മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു വിധി പറയുന്നത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടി മുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.

പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറു മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.