കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കുന്നതിന് പിന്നില്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയ പൊലീസ് ഉന്നതന്റെ സ്വാധീനമെന്ന് ആക്ഷേപം. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ പ്രതി ചേര്‍ക്കാതിരിക്കാന്‍ പൊലീസിലെ ഉന്നതന്‍ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തുടരന്വേഷണം പ്രതിസന്ധിയിലായില്‍ ആകുകയായിരുന്നു. 
പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉന്നതന്‍ സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി പൊലീസില്‍ ഇപ്പോഴും ശക്തമാണ്. ഇവര്‍ നടത്തിയ ചരടുവലിയാണ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റാന്‍ വഴിയൊരുക്കിയത്. കേസില്‍ ദിലീപ് അറസ്റ്റിലായതോടെ 50 ലക്ഷം കൊടുത്തതു വെറുതെയായെന്നു പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. 
പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തില്‍ നല്‍കിയ നിര്‍ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങള്‍ പുറത്തുവരരുതെന്നാണ്.
നടിയെ പീഡിപ്പിച്ചെന്ന കേസില്‍ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാനും തുടര്‍ച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകന്‍ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കിയത്. 
ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീജിത്തിനെ സ്ഥലം മാറ്റി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം കോടതിയോടു ചോദിക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഓട്ടത്തിലാണ് അന്വേഷണ സംഘം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.