തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്; കോടതിയെ സമീപിക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ്

തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്; കോടതിയെ സമീപിക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ്

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാജന്മാര്‍ ഇടംപിടിച്ചിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പ് ചൂണ്ടിക്കാട്ടി തെളിവ് സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കള്ളവോട്ട് ചെയ്യാനാണ് സിപിഎം ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ തോമസാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുള്ളത്. തൃക്കാക്കരയിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി കൂടി പരിഗണിച്ച് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരിയെ നേരത്തെ സ്ഥലംമാറ്റിയിരുന്നു.

മണ്ഡലത്തിലെ 161-ാം ബൂത്തിന്റെ വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും വിവരങ്ങളിലെ പൊരുത്തക്കേടുകളുമാണ് ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് എടുത്തു കാണിക്കുന്നത്. പട്ടികയില്‍ ഒരേ പേരുകള്‍ ഇനിഷ്യല്‍ മാറി ഒന്നിലേറെ തവണ ആവര്‍ത്തിച്ച് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവരില്‍ പലരും സജീവ സിപിഎം പ്രവര്‍ത്തകരാണത്രേ. വേണ്ടി വന്നാല്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.