'അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്ത് വച്ചോളൂ. ഒന്നുകൂടെ മറന്നടാ...ഒന്നുകൂടെ മറന്നടാ...കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വച്ചോളൂ. വരുന്നുണ്ടടാ...വരുന്നുണ്ടടാ നിന്റെയൊക്കെ കാലന്‍മാര്‍'...
പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ആഭിമുഖ്യത്തില്‍ ഞായറാഴ്ച ആലപ്പുഴയില്‍ നടന്ന റാലിയില്‍ കഷ്ടിച്ച് 12 വയസ് പ്രായം വരുന്ന ഒരു പയ്യന്‍ മറ്റൊരാളുടെ തോളില്‍ കയറിയിരുന്ന് വിളിച്ച മുദ്രാവാക്യമാണിത്. അരിയും മലരും വാങ്ങി വച്ചോളാന്‍ ഹിന്ദുക്കളോടും കുന്തിരിക്കം വാങ്ങി വച്ചോളാന്‍ ക്രിസ്ത്യാനികളോടുമാണ് പറയുന്നത് എന്ന് വ്യക്തം.
സാധാരണക്കാരുടെ തല മരച്ചു പോകുന്ന, ഏതാണ്ട് നാല് മിനിറ്റോളം വരുന്ന പ്രകോപന മുദ്രാവാക്യം ആ കുട്ടി പേപ്പറില്‍ നോക്കി വായിക്കുകയല്ല, കാണാതെ വിളിച്ചു പറയുകയാണ് ചെയ്തത്. അന്തരീക്ഷത്തിലേക്ക് മുഷ്ടി ചുരുട്ടി ശൗര്യം ചോരാതെയുള്ള അവന്റെ പ്രകടനം മുദ്രാവാക്യം ഏറ്റു വിളിക്കുന്ന മുഴുവനാളുകളെയും ആവേശ ഭരിതരാക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
തിരിച്ചറിവ് പോലുമാവാത്ത പ്രായത്തില്‍ ഒരു കുട്ടിയുടെ മനസിലും മസ്തിഷ്‌കത്തിലും നിറയെ കൊടിയ വര്‍ഗീയ വിഷം കുത്തി വച്ച് പൊതു നിരത്തിലിറക്കിയ ഈ സംഭവം അതീവ ഗൗരവമായി തന്നെ കാണേണ്ടതാണ്. ഇക്കാര്യത്തില്‍ ബാലാവകാശ കമ്മീഷന്റെ നിലപാട് എന്താണ്?.. പൊലീസ് കേസെടുത്തതു പോലെ ആരെങ്കിലും പരാതി തന്നാല്‍ മാത്രമേ ഇടപെടുകയുള്ളോ?.. അതോ സ്വമേധയാ കേസെടുക്കുമോ?
കൊലവിളി മുദ്രാവാക്യത്തിനെതിരെ കേസെടുക്കാന്‍ മുട്ടിടിച്ച പൊലീസ് അപ്പോഴും വിദ്വേഷ പ്രസംഗം നടത്തിയെന്നു പറഞ്ഞ് പി.സി ജോര്‍ജിനെ പിടിച്ച് ജയിലിലടയ്ക്കാന്‍ പരക്കം പായുകയായിരുന്നു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന 'നിയമ വ്യവഹാരികള്‍' അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ ചെറുക്കാന്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധന നടത്തുകയായിരുന്നു.
പി.സി ജോര്‍ജിന്റെ പ്രസംഗം മൂലം കേരളത്തിലെ മതേതരത്വം തകര്‍ന്ന് തരിപ്പണമായി എന്ന് വിലപിക്കുന്ന ഇടത്, വലത് മുന്നണി നേതാക്കന്‍മാര്‍ക്ക് 'അരി, മലര്, കുന്തിരിക്കം' മുദ്രാവാക്യത്തെപ്പറ്റി ഒന്നും ഉരിയാടാനില്ലേ? ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ചും പാലാ ബിഷപ്പ് സ്വന്തം അജഗണത്തിന് നല്‍കിയ മുന്നറിയിപ്പ് വിവാദമാക്കി തെരുവില്‍ വിചാരണ നടത്തിയ നിങ്ങളുടെ അമിതാവേശമൊക്കെ എവിടെപ്പോയി?
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതിയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് പറഞ്ഞ നീതിപീഠം പുതിയ തലമുറയുടെ തലയില്‍ മത വിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമം നടക്കുന്നു എന്ന ഗൗരവതരമായ മുന്നറിയിപ്പും നല്‍കി.
എന്നിട്ടും ഇത്തരം മത തീവ്രവാദ ശക്തികളെ പുണരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ തീക്കൊള്ളി കൊണ്ടാണ് തല ചെറിയുന്നത് എന്ന് പറയേണ്ടി വരും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന മതപഠന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് സ്‌നേഹത്തിന്റെ സന്ദേശമോ, അതോ വെറുപ്പിന്റെ ഇരുണ്ട അധ്യായങ്ങളോ എന്ന് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാണ് വെറും പന്ത്രണ്ടു വയസുകാരന്റെ നാവില്‍ നിന്നും പുറത്തു വന്ന മാലിന്യം.
പെട്ടന്നൊരു സംഘര്‍ഷമോ, ഏറ്റുമുട്ടലോ ഉണ്ടായാല്‍ ചില പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. പക്ഷേ, ഞായറാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ അത്തരം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നിട്ടു പോലും പ്രകോപന, വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്നെയാണെന്നു വ്യക്തം.
ആരാണ് ആ കുട്ടിയെ ഇത്തരം മുദ്രാവാക്യം കാണാതെ പഠിപ്പിച്ചതെന്ന് കണ്ടെത്തി അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും കഴിയുന്നില്ലെങ്കില്‍ ഈ നാട് പിന്നീട് വലിയ വില നല്‍കേണ്ടി വരും എന്ന കാര്യം അല്‍പം ആശങ്കയോടെ തന്നെ ഓര്‍മ്മപ്പെടുത്തട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.