അശാന്തിയിലും സൗമ്യരായിരിക്കാം; പരിശുദ്ധാത്മാവിന്റെ ദാനത്തിനായി നിരന്തരം അപേക്ഷിക്കാം: ഫ്രാന്‍സിസ് പാപ്പ

അശാന്തിയിലും സൗമ്യരായിരിക്കാം; പരിശുദ്ധാത്മാവിന്റെ ദാനത്തിനായി നിരന്തരം അപേക്ഷിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ യേശു നല്‍കിയ സമാധാനത്തിന്റെ അവകാശികളായ നാം ജീവിതത്തില്‍ ശാന്തതയും ഐക്യവും നിലനിര്‍ത്തണമെന്നും അതിനായി ൈദവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഏറ്റവും പ്രയാസകരമായ വേളകളില്‍ പോലും യേശു സൗമ്യതയും സമാധാനവും കൈവിടാതെ സൂക്ഷിച്ചു. വിഷമത അനുഭവിക്കുന്നവരെ കേള്‍ക്കാനും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും സൗഹൃദം വളര്‍ത്തിയെടുക്കാനും, നാം സൗമ്യരായിരിക്കാനും ഹൃദയങ്ങള്‍ തുറന്നു വയ്ക്കാനും യേശു ആഹ്വാനം ചെയ്യുന്നതായി പാപ്പ ഓര്‍മിപ്പിച്ചു.

ഞായറാഴ്ച്ച ദിവ്യബലിക്കു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ തീര്‍ഥാടകരെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ 'എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു' (യോഹന്നാന്‍ 14:27) എന്ന സുവിശേഷ വാക്യമാണ് സന്ദേശത്തിനായി തെരഞ്ഞെടുത്തത്.

യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം, 23-29 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിശദീകരിച്ചത്. അന്ത്യ അത്താഴവേളയില്‍ യേശു തന്റെ ശിഷ്യന്മാരോട്, ദൈവപിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും എന്ന് ഉറപ്പ് നല്‍കുന്ന ഭാഗമാണ് ത്രികാലപ്രാര്‍ത്ഥനാ വിചിന്തനത്തിന് വിധേയമായത്.

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കേകുന്നു

ഈ വാക്കുകള്‍ യേശുവിന്റെ സവിശേഷമായ വാത്സല്യവും ശാന്തതയും പ്രകടമാക്കുന്നു. ഏറ്റവും അശാന്തമായ നിമിഷത്തിലാണ് അവിടുന്ന് സൗമ്യത പാലിക്കുന്നത്. യൂദാസ് അവനെ ഒറ്റിക്കൊടുക്കാന്‍ പുറപ്പെട്ടുകഴിഞ്ഞു, പത്രോസ് അവനെ നിഷേധിക്കാന്‍ പോകുന്നു, മിക്കവാറും എല്ലാവരും അവനെ തള്ളിപ്പറയാന്‍ പോകുന്നു. കര്‍ത്താവിന് ഇതെല്ലാം അറിയാം. എന്നിട്ടും അവിടുന്ന് ആരെയും കുറ്റപ്പെടുത്തുന്നില്ല. കടുത്ത വാക്കുകള്‍ പ്രയോഗിക്കുന്നില്ല. കഠിനമായ പ്രസംഗങ്ങള്‍ നടത്തുന്നില്ല. അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല... പകരം അവസാനം വരെ സൗമ്യനായി തുടരുന്നു.

യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍, അവിടുത്തെ മുഴുവന്‍ ജീവിതത്തിന്റെയും സാരാംശമാണ്. അവിടുന്ന് ഭയവും വേദനയും അനുഭവിക്കുമ്പോള്‍ പോലും കോപാകുലനാകുന്നില്ല, അമര്‍ഷം പ്രകടിപ്പിക്കുന്നില്ല. ശാന്തനും സൗമ്യനുമായി നിലകൊള്ളുന്നു.

വിശ്വാസം കാത്തുസൂക്ഷിക്കുന്ന, സൗമ്യസാന്ദ്രമായ ഹൃദയത്തില്‍നിന്നാണ് ഈ സമാധാനം പ്രവഹിക്കുന്നത്. ഒരുവന്റെ ഉള്ളില്‍ സമാധാനം ഇല്ലെങ്കില്‍ അവന് മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കാനാവില്ല.

സൗമ്യത സാധ്യമാണെന്ന് യേശു സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു. ഏറ്റവും പ്രയാസകരമായ നിമിഷത്തിലാണ് അവിടുന്ന് അത് സാധ്യമാക്കുന്നത്. സമാധാനത്തിന്റെ അവകാശികളായ നാമും ഇപ്രകാരം പെരുമാറണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

മറ്റുള്ളവരെ കേള്‍ക്കാനും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും സൗഹാര്‍ദ്ദവും ഐക്യവും കെട്ടിപ്പടുക്കാനും നാം സൗമ്യരും തുറന്ന ഹൃദയവുമുള്ളവരായിരിക്കാന്‍ യേശു ആഹ്വാനം ചെയ്യുന്നു. അനേകം വാക്കുകളേക്കാളും നിരവധി പ്രഭാഷണളേക്കാളും മൂല്യമുള്ളത് നമ്മുടെ സമാധാനപൂര്‍ണമായ പെരുമാറ്റത്തിനാണ്. യേശുവിന്റെ ശിഷ്യരായ നാം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സാഹചര്യങ്ങളോട് ഇടയാതെ ദയയോടെ പ്രതികരിക്കാനും ശ്രമിക്കാറുണ്ടോ എന്ന് മാര്‍പാപ്പ ചോദിച്ചു. അതോ എപ്പോഴും പ്രതികരിക്കാനും പൊട്ടിത്തെറിക്കാനും തയാറായി നില്‍ക്കുകയാണോ? ഇതൊരു വലിയ വെല്ലുവിളിയാണ്.

സമാധാനം പുലരാനുള്ള നമ്മുടെ ശ്രമങ്ങളില്‍ യേശുവിന്റെ രണ്ടാമത്തെ വാചകം നമ്മെ സഹായിക്കും - പാപ്പ തുടര്‍ന്നു. ഞാന്‍ നിങ്ങള്‍ക്ക് എന്റെ സമാധാനം നല്‍കുന്നു. സമാധാനം ദൈവത്തിന്റെ ദാനമാണ്. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്. ലോകത്തിന് പരിചിതമല്ലാത്തതും കര്‍ത്താവ് നമുക്ക് നല്‍കുന്നതുമായ സമാധാനം എന്നത് പരിശുദ്ധാത്മാവാണ്. ലോകത്തിന് നല്‍കാന്‍ കഴിയാത്ത ഈ സമാധാനം യേശുവിന്റെ ആത്മാവാണെന്നും പാപ്പാ വിശദീകരിച്ചു.

നമ്മിലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം, അത് ഹൃദയത്തെ നിരായുധരാക്കുകയും ശാന്തത നിറയ്ക്കുകയും ചെയ്യുന്നു.

എല്ലാവരും സഹോദരീ സഹോദന്മാരാണെന്ന് കര്‍ത്താവ് നമുക്ക് നല്‍കുന്ന സമാധാനം ഓര്‍മ്മിപ്പിക്കുന്നു. എതിരാളികളായല്ല കാണേണ്ടതെന്നും പാപ്പ പറഞ്ഞു. അങ്ങനെ നമുക്ക് സമാധാനമുള്ള സ്ത്രീകളും പുരുഷന്മാരും ആകാന്‍ കഴിയും.

സമാധാനം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ദാനത്തിനായി നാം നിരന്തരം ആവശ്യപ്പെടണം. അക്ഷമയോ ദേഷ്യമോ വരുമ്പോഴും ഹൃദയം പ്രക്ഷുബ്ധമാകുമ്പോഴുമ്പോഴും സമാധാനത്തിന്റെ ആത്മാവിനായി നാം കര്‍ത്താവിനോട് നിരന്തരം അപേക്ഷിക്കണം.

എല്ലാ ദിവസവും കര്‍ത്താവിനോട് അപേക്ഷിക്കാന്‍ നാം പഠിക്കണം: 'കര്‍ത്താവേ, എനിക്ക് നിന്റെ സമാധാനം തരൂ, നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് നല്‍കൂ'. നമ്മുടെ ചുറ്റുമുള്ളവര്‍ക്കും അനുദിനം നാം കണ്ടുമുട്ടുന്നവര്‍ക്കും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവര്‍ക്കും വേണ്ടി നമുക്ക് സമാധാനം യാചിക്കാം.

പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്യാന്‍ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെയെന്നും അങ്ങനെ നമുക്ക് സമാധാന സൃഷ്ടാക്കളാകാന്‍ കഴിയുമെന്നും ആശംസിച്ചാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26