വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്

വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് വിധിക്കും.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടല്‍, സ്വീകരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നാണ് ജഡ്ജി കെ.എന്‍.സുജിത്ത് കണ്ടെത്തിയത്.

ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. 2021 ജൂണ്‍ 21നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍ വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സരിതയുടെയും മകളായ വിസ്മയയെ (24) അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ പീഡനങ്ങളെക്കുറിച്ച് സഹപാഠിക്കും സഹോദര ഭാര്യയ്ക്കും വിസ്മയ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വരികയായിരുന്നു. വിസ്മയയെ ആശുപത്രിയിലെത്തിച്ച ശേഷം ഒളിവില്‍ പോയ കിരണ്‍കുമാര്‍ അന്ന് രാത്രി എട്ടരയോടെ ശൂരനാട് സ്റ്റേഷനില്‍ കീഴടങ്ങി. പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു.

ശാസ്താംകോട്ട ഡിവൈ.എസ്.പി ആര്‍. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍, ബി. അഖില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.