ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാട്ടുപേറ്റ സ്വദേശി അന്‍സാറാണ് പിടിയിലായത്. കസ്റ്റഡിക്ക് പിന്നാലെ പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചു. റാലിക്ക് കുട്ടിയെ കൊണ്ടു വന്നത് ഇയാളാണെന്നാണ് സൂചന. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍.
മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടിയെടുക്കാന്‍ സര്‍ക്കാരും പോലീസും തയാറായത്. അഭിഭാഷക പരിഷത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നും റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ തോളിലിരുന്ന് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. പാലാ ബിഷപ്പിനും ക്രൈസ്തവര്‍ക്കുമെതിരേ മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കുന്നുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുട്ടികളെ റാലിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകര്‍ നല്‍കിയതല്ലെന്നും ഇത്തരം അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ ശൈലിയല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് അവകാശപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധിക്കാന്‍ ഒരുങ്ങുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.