മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചു; നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗുരുതര ആരോപണം

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് മറച്ചുവെച്ച് ജഡ്ജി പ്രതികളെ സഹായിച്ചു; നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗുരുതര ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കേസിലെ തുടരന്വേഷണം ഭരണ-രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് ആരോപണം.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിനെ സംബന്ധിച്ച് ഫൊറന്‍സിക് ലാബില്‍നിന്ന് വിചാരണക്കോടതി ജഡ്ജിയെ ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹാഷ് വാല്യൂവില്‍ മാറ്റം ഉള്ളതായ ഫൊറന്‍സിക് ലാബിലെ റിപ്പോര്‍ട്ട് കണ്ടെടുക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഹാഷ് വാല്യൂവില്‍ മാറ്റം ഉണ്ടായതായ റിപ്പോര്‍ട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണ്.

എന്തുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത് എന്നതുസംബന്ധിച്ച് ഒരന്വേഷണവും ജഡ്ജി നടത്തിയില്ല. മെമ്മറി കാര്‍ഡ് തുടര്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ അപേക്ഷയിലും യാതൊരു നടപടിയും ജഡ്ജി സ്വീകരിച്ചില്ല.

തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയം മെയ് 31ന് അവസാനിക്കാനിരിക്കെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇന്നു പരിഗണിക്കും. സര്‍ക്കാര്‍ ആദ്യം നീതിയുക്തമായ അന്വേഷണത്തിന് നടപടിയെടുത്തെങ്കിലും ഇപ്പോള്‍ പിന്‍വലിയുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് അവസാനിപ്പിക്കാന്‍ നടന്‍ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു.

തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍. അതിനിടെ, ഹര്‍ജി മറ്റൊരു ബെഞ്ചിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നടി വേറൊരു അപേക്ഷയും നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.