ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

 ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അഭിഭാഷകയായ അഡ്വ. പി.വി മിനി മുഖേനെ നടി ആവശ്യപ്പെട്ടിരുന്നു.

ഉടന്‍ തന്നെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് അറിയിച്ചു. ഇനി മറ്റൊരു ബെഞ്ച് ഈ കേസ് പരിഗണിക്കും. ഏത് ബെഞ്ചിലേക്ക് ഹര്‍ജി മാറ്റണമെന്നത് ഇനി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കേസ് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് വിചാരണക്കോടതി ജഡ്ജിക്കെതിരേ രംഗത്തു വന്ന നടി സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണം ഉയര്‍ത്തി  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി ഫൊറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി നല്‍കിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 31 നകം നല്‍കാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.