വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന് 10 വര്‍ഷം കഠിന തടവ്; കൂടുതല്‍ ശിക്ഷയ്ക്കായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന് 10 വര്‍ഷം കഠിന തടവ്; കൂടുതല്‍ ശിക്ഷയ്ക്കായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സ്ത്രീധന നിരോധ നിയമ പ്രകാരം മൂന്നു വര്‍ഷമാണ് തടവ്. 12.5 ലക്ഷം രൂപ പ്രതിയില്‍ നിന്ന് ഈടാക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയുടെ പിതാവിന് നല്‍കണം. ശിക്ഷ മുഴുവന്‍ ഒരു തവണയായി അനുഭവിച്ചാല്‍ മതി. ഫലത്തില്‍ 10 വര്‍ഷം തന്നെയാകും കിരണിന് തടവ് ലഭിക്കുക.

വിധിയില്‍ തൃപ്തിയില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച നീതി തങ്ങള്‍ക്ക് കിട്ടിയില്ല. താന്‍ വിധിയില്‍ തൃപ്തയല്ലെന്നു വിസ്മയയുടെ അമ്മ സജിത മാധ്യമങ്ങളോട് പറഞ്ഞു.

ശിക്ഷ വിധിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു കിരണിന്റെ മറുപടി. തന്റെ മാതാപിതാക്കള്‍ രോഗികളാണ്. അവര്‍ക്ക് തുണയായി താന്‍ മാത്രമേയുള്ളൂ. അവരുടെ ചുമതല തനിക്കാണെന്നും കിരണ്‍ പറഞ്ഞു. ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. വലിയ ഭാവമാറ്റമൊന്നുമില്ലാതെയാണ് കിരണ്‍ വിധി പ്രസ്താവം കേട്ടതെങ്കിലും മുഖത്ത് സമ്മര്‍ദം പ്രകടമായിരുന്നു.

ഈ വിധി സമൂഹത്തിനാകെ മാതൃകയാകണമെന്നാണ് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ് പറഞ്ഞത്. സ്ത്രീധന പീഡനങ്ങളും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും കൂടുന്നത് ആശങ്കജനകമാണെന്നും അത്തരം ആളുകള്‍ക്ക് മുന്നറിയിപ്പായി ഈ വിധി മാറണമെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ചില സന്ദര്‍ഭങ്ങളിലെങ്കിലും ആത്മഹത്യയെ കൊലപാതകമായി കാണണം. പ്രതിയോട് ഒരു അനുകമ്പയും പാടില്ല. ഏതെങ്കിലും ഒരു വ്യക്തിക്ക് എതിരായിട്ട് ഈ കേസിനെ കാണേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

ആത്മഹത്യ പ്രേരണ കുറ്റത്തിന് ജീവപര്യന്തം തടവ് നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍പിള്ള വാദിച്ചു. പ്രതിക്ക് പ്രായം വളരെ കുറവാണ്. ലോകത്തൊരിടത്തും പ്രേരണ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ നല്‍കിയിട്ടില്ല. ഇതിനായി ചില മുന്‍ ശിക്ഷാവിധികളിലെ വിശദാംശങ്ങളും പ്രതിഭാഗം നിരത്തി. കിരണിന് കുറ്റകൃത്യത്തിന്റേതായ മുന്‍കാല ചരിത്രങ്ങളിലെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തി.

വിധി കേള്‍ക്കാന്‍ നിരവധി ആളുകളാണ് കോടതിയിലേക്ക് എത്തിയത്. മാധ്യമങ്ങളുടെ ഒരു പട തന്നെ കോടതി റിപ്പോര്‍ട്ടുകള്‍ തല്‍സമയം എത്തിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ മാതാവ് സജിത വീട്ടിലിരുന്ന് ടിവിയിലൂടെയാണ് വിധി കേട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയില്‍നിന്നു പിരിച്ചു വിട്ടിരുന്നു. ഉപദ്രവിക്കല്‍ (ഐപിസി 323), ഭീഷണിപ്പെടുത്തല്‍ (506 (1)) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.

നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ കഴിഞ്ഞ ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം. സംസ്ഥാനത്താകെ ചര്‍ച്ചയായ ഈ കേസിനെത്തുടര്‍ന്നാണ് കോളജ് വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേരള ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവം നടന്നു 80 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കിരണ്‍ കുമാറിന്റെ പിതാവ് സദാശിവന്‍പിള്ള, സഹോദരി കീര്‍ത്തി ഉള്‍പ്പെടെ ഉറ്റ ബന്ധുക്കളായ അഞ്ചു സാക്ഷികള്‍ കൂറുമാറിയിരുന്നു.

മാര്‍ച്ച് രണ്ടിനാണ് കിരണിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍ രാജ്, അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍, ബി. അഖില്‍ എന്നിവര്‍ ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.