യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്തുന്നു: മാര്‍ തോമസ് തറയില്‍

യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്തുന്നു: മാര്‍ തോമസ് തറയില്‍

'എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കുന്ന വ്യവസ്ഥിതിയില്‍ സൗഹാര്‍ദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്'.

കോട്ടയം: യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ഇതര മതസ്ഥരെ അവഹേളിക്കുകയും ചെയ്യുന്ന നടപടികളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിനെയാണ് മാര്‍ തോമസ് തറയില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്.

ഫെയ്‌സ്ബുക്ക്  പോസ്റ്റിന്റെ പൂര്‍ണ രൂപം :

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയില്‍ ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്ത് സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാന്‍ ദേശീയ പാര്‍ട്ടികള്‍ക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ദുഖിക്കുന്നു.

ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാല്‍ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകള്‍ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല. 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവര്‍ എന്നും മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു.

ജാതിമത വര്‍ഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാന്‍ സാധിക്കുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ ആരെല്ലാം തമസ്‌കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണ്. ഉദാത്തമായ ആ സംസ്‌കാരത്തിന് കോട്ടം വരാന്‍ നാമൊരിക്കലും സമ്മതിക്കില്ല.

ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂര്‍വം പരിഗണിക്കുന്ന വ്യവസ്ഥിതിയില്‍ സൗഹാര്‍ദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.