പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മതവിദ്വേഷ മുദ്രാവാക്യത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് ഗൗരവതരമാണെന്ന നിലപാടിലാണ് ബാലാവകാശ കമ്മീഷന്‍.

റാലിയില്‍ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് പത്തു വയസുകാരന്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം പൊലീസും കേസെടുത്തിട്ടുണ്ട്. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പരക്കേ പ്രതിഷേധം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് കേസെടുക്കാന്‍ തയ്യാറായത്.

കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഒരു കുട്ടിയായതിനാല്‍ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച ശേഷം തീരുമാനമെടുക്കാമെന്ന് നിശ്ചയിക്കുകയായിരുന്നു. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന പേരിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ റാലി നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.