നാവിക സേനയ്ക്കായി പുറം കടലില്‍ ഒഴുകുന്ന ആശുപത്രി; ഹോസ്പിറ്റല്‍ ഷിപ്പ് സജ്ജമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നാവിക സേനയ്ക്കായി പുറം കടലില്‍ ഒഴുകുന്ന ആശുപത്രി; ഹോസ്പിറ്റല്‍ ഷിപ്പ് സജ്ജമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നാവിക സേനയ്ക്കായി പുറം കടലില്‍ നാഷണൽ ഹോസ്പിറ്റല്‍ ഷിപ്പ് സജ്ജമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിവാരാവകാശ അപേക്ഷ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഇന്ത്യന്‍ നാവിക സേനയ്ക്കായി രാജ്യത്ത് ആദ്യമായാണ് ഒഴുകുന്ന ആശുപത്രി സംവിധാനം വരുന്നത്. അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യം. ബോട്ട് ആംബുലൻസുകളടക്കം നിരവധി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കപ്പല്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍, സൈനികര്‍ എന്നിവരടക്കം 600 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ടാവും. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ആശുപത്രി കപ്പലിലേക്കും എത്തിക്കുന്നതിനുള്ള ഒരു ഹെലികോപ്ടറും ഇതിനുള്ളില്‍ ഉണ്ടാവും. 250 കിടക്കകള്‍ അടങ്ങുന്നതാവും ആശുപത്രി.

രോഗികളെ പ്രവേശിപ്പിക്കാന്‍ രണ്ട് അത്യാഹിത വിഭാഗങ്ങളും ഉണ്ടാവും. ഹെലികോപ്ടര്‍ നിര്‍ത്തിയിട്ടിരുക്കുന്ന സ്ഥലത്തോട് ചേര്‍ന്നായിരിക്കും ഇതില്‍ ഒന്ന്. വലുതും ചെറുതുമായ ശസ്ത്രക്രിയകള്‍ക്കായി രണ്ട് വീതം ഓപ്പറേഷന്‍ തീയറ്ററുകളും കപ്പലില്‍ ഒരുക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവും രോഗികള്‍ക്കായി പ്രത്യേക മുറികളും ഉണ്ടാവും.

ലേബര്‍ റൂം, ബ്ലഡ് ബാങ്ക്, ഓക്സിജന്‍ പ്ലാന്റ്, ടെലി മെഡിസിന്‍ കേന്ദ്രം എന്നീ സംവിധാനങ്ങളെല്ലാം കപ്പലില്‍ സജ്ജമാക്കും. കപ്പല്‍ ആശുപത്രിയുടെ നിര്‍മ്മാണത്തിനായി നാവിക സേന യോഗ്യരായ കമ്പനികളുമായി കരാര്‍ ഒപ്പുവെക്കും. കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിനുള്ളില്‍ കപ്പല്‍ കൈമാറണമെന്നാണ് നാവിക സേനയുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.