സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരായ ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി; പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരായ ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി; പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

കൊച്ചി: സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇന്നലെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിന്‍മാറി. ഹര്‍ജി ഇന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചിലാവും വരിക.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ ഉന്നതര്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ‌
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജ‍‍ഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.

അന്വേഷണ സംഘം ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ താന്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ചില്‍ പരിഗണനയ്ക്കെത്തരുതെന്ന് ആവശ്യപ്പെട്ട് നടി രജിസ്റ്റാർക്ക് അപേക്ഷ നല്‍കി. ഇതോടെയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേസില്‍ നിന്നും പിന്മാറിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 30നകം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

 ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. നീതിക്കായി കോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.