പാലക്കാട്: എക്‌സൈസ് ഡിവിഷണല്‍ ഓഫീസില്‍ നിന്ന് കൈക്കൂലി പണം പിടിച്ച കേസില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. മെയ് 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിജിലന്‍സ് 1023600 രൂപയാണ് പിടിച്ചെടുത്തത്. ലൈസന്‍സികളില്‍ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാന്‍ പോകുമ്പോഴാണ് അസിസ്റ്റന്റ് പിടിയിലായത്. എക്സൈസ് മന്ത്രി എം വി ഗോവിന്ദന്റെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയിഡില്‍ അറ്റന്‍ഡന്റായ നൂറുദ്ദീനില്‍ നിന്ന് 2,24,000 രൂപ പിടികൂടിയിരുന്നു. കള്ളുഷാപ്പ് കരാറുകാരില്‍ നിന്ന് തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീന്‍ പിടിയിലായത്. കള്ളുഷാപ്പ് കരാറുകാര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്ന് 7,99,600 രൂപയും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നൂറുദീനെ അറസ്റ്റ് ചെയ്തു.
പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസ്, സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആന്‍ഡ് ഐബി ഓഫീസ്, പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് പണം നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തു.
പാലക്കാട് ഡിവിഷന്‍ ഓഫീസിലെ സന്തോഷ്, റേഞ്ച് ഓഫീസിലെ ശ്യാംജിത്ത് എന്നിവരുടെ ഫോണ്‍ നമ്പരും പണം നല്‍കിയവരുടെ പട്ടികയിലുണ്ടായിരുന്നു. പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ഓഫീസുകളിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ടും വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.
പാലക്കാട് ഡപ്യൂട്ടി എക്സൈസ് കമീഷണര്‍ എം എം നാസര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇഇ ആന്‍ഡ് എഎന്‍എസ്എസ് എസ് സജീവ്, ചിറ്റൂര്‍ ഇസിഒ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ അജയന്‍, ചിറ്റൂര്‍ ഇസിഒ എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ രമേഷ്, പാലക്കാട് ഇഐ ആന്‍ഡ് ഐബി എഇഐ സെന്തില്‍കുമാര്‍, പാലക്കാട് ഡിവിഷന്‍ ഓഫീസ് അന്റന്‍ഡന്റ് നൂറുദ്ദീന്‍, പാലക്കാട് ഡിവിഷന്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എ എസ് പ്രവീണ്‍കുമാര്‍, പാലക്കാട് ഡെപ്യൂട്ടി ഡിവിഷണല്‍ ഓഫീസ് സി ഇ ഒ സൂരജ്, എഇഐ(ജി) പി സന്തോഷ് കുമാര്‍, പാലക്കാട് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ മന്‍സൂര്‍ അലി, ചിറ്റൂര്‍ ഇസിഒയിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനായകന്‍, ശശികുമാര്‍, പാലക്കാട് ഇഐ ആന്‍ഡ് ഐബി പ്രിവന്റീവ് ഓഫീസര്‍ പി ഷാജി, ചിറ്റൂര്‍ റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്യാംജിത്ത് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.