കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; നേരം ഇരുട്ടി വെളുത്തപ്പോള്‍ എസ്പിയുടെ രാജ്യസഭ സ്ഥാനാര്‍ഥി

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; നേരം ഇരുട്ടി വെളുത്തപ്പോള്‍ എസ്പിയുടെ രാജ്യസഭ സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. ജി 23 വിമത ഗ്രൂപ്പിലെ പ്രധാനിയായിരുന്ന അദേഹം നാടകീയമായിട്ടാണ് കോണ്‍ഗ്രസിനോട് വിടപറഞ്ഞത്. എസ്പിയില്‍ ചേര്‍ന്ന സിബല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

അടുത്ത കാലത്തായി കോണ്‍ഗ്രസ് നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു സിബല്‍. കോണ്‍ഗ്രസ് തെറ്റായ ദിശയിലാണ് പോകുന്നതെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് ഒരാള്‍ പ്രസിഡന്റാകണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാവായിരുന്നു അദേഹം. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് സിബല്‍ എസ്പിയില്‍ ചേരുന്നതും രാജ്യസഭ സ്ഥാനാര്‍ഥിയാകുന്നതും. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം എത്തിയാണ് നാമനിര്‍ദേശ പത്രി നല്‍കിയത്.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് പോകുന്ന മൂന്നാമത്തെ നേതാവാണ് സിബല്‍. ഗുജറാത്തില്‍ യുവ നേതാവും പിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഹര്‍ദിക് പട്ടേല്‍, പഞ്ചാബില്‍ മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍ എന്നിവരും പാര്‍ട്ടിയോട് കലഹിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഹര്‍ദിക് അങ്ങോട്ടേക്കുള്ള വഴിയിലാണ്.

വലിയ ജനസ്വാധീനമുള്ള നേതാവല്ലെങ്കിലും കപില്‍ സിബലിന്റെ പോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. കോണ്‍ഗ്രസിനായി വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരായിരുന്നത് പാര്‍ട്ടിയിലെ ബുദ്ധിജീവി മുഖം കൂടിയായിരുന്നു സിബല്‍. വരും ദിവസങ്ങളില്‍ ജി 23 യില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.