അഫ്ഗാനില്‍ ഭീകരര്‍ കൃഷി ചെയ്യുന്ന പോപ്പി ചെടികള്‍ മൂന്നാറില്‍; കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഒപ്പിയം പോപ്പി ചെടികള്‍

അഫ്ഗാനില്‍ ഭീകരര്‍ കൃഷി ചെയ്യുന്ന പോപ്പി ചെടികള്‍  മൂന്നാറില്‍; കണ്ടെത്തിയത് വളര്‍ച്ചയെത്തിയ 57 ഒപ്പിയം പോപ്പി ചെടികള്‍

മൂന്നാര്‍: അഫ്ഗാനില്‍ ഭീകരര്‍ കൃഷി ചെയ്യുന്ന അതിമാരകമായ പോപ്പി ചെടികള്‍ മൂന്നാറില്‍ നിന്നും കണ്ടെത്തി. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്നതിനിടെയാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവും സംഘവുമാണ് ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാരകമായ 57 ഒപ്പിയം പോപ്പി ചെടികള്‍ കണ്ടെത്തിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ സൈജുമോന്‍ ജേക്കബ്, ജയല്‍ പി ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബെന്നി പി.കെ, സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം, മനീഷ് മോന്‍ സി.കെ, ഡ്രൈവര്‍ അനില്‍ കുമാര്‍ കെ പി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ അടക്കമുള്ളവര്‍ പോപ്പി ചെടികളില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും ലഹരി കയറ്റി അയക്കുന്നുമുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിയന്ത്രിതമായ അളവില്‍ പോപ്പി ചെടികള്‍ കൃഷി ചെയ്യാറുണ്ട്.

വീര്യം കൂടിയ ലഹരി മരുന്നായ കറുപ്പിന്റെ ഉല്‍പ്പാദനം അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചതായി ഐക്യരാഷ്ട്രസഭ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പോപ്പി ചെടിയുടെ കറയില്‍ നിന്നാണ് കറുപ്പ് ഉല്‍പാദിപ്പിക്കുന്നത്. രണ്ട് ലക്ഷം ഹെക്ടറിലേറെ ഭൂമിയിലാണ് രാജ്യത്ത് പോപ്പി ചെടികള്‍ വളരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് ലഭ്യമാകുന്ന കറുപ്പിന്റെ 90 ശതമാനത്തോളവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലാണ്. അന്താരാഷ്ട്ര ലഹരി വിരുദ്ധ നിയമങ്ങളെല്ലാം ബഹിഷ്‌കരിച്ചുകൊണ്ടാണ് അഫ്ഗാനില്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നത്.

താലിബാന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസുകളില്‍ ഒന്നാണ് മയക്കു മരുന്നുകള്‍. ഏകദേശം 416 മില്യന്‍ അമേരിക്കന്‍ ഡോളര്‍ (മുപ്പതിനായിരം കോടി രൂപ) ആണ് മയക്കു മരുന്ന് കച്ചവടത്തില്‍ നിന്നും താലിബാന്‍ ഉണ്ടാക്കുന്നത് എന്നാണ് കണക്കുകള്‍. ആഗോള കറുപ്പ് (മയക്കു മരുന്നായ ഓപ്പിയം) ഉല്‍പ്പാദനത്തിന്റെ 84 ശതമാനവും അഫ്ഗാനിസ്ഥാനിലാണെന്നാണ് ഐക്യരാഷ്ട്രസഭാ ഡ്രഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധമായ ഈ മയക്കു മരുന്ന് വില്‍പ്പനയുടെ ഭൂരിഭാഗം ലാഭവും പോവുന്നത് താലിബാനാണ്. താലിബാന്‍രെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ വന്‍തോതിലാണ് കറുപ്പ് നിര്‍മിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.