ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ മുതിര്‍ന്നവരും തലയെടുപ്പുള്ളവരുമായ നിരവധി നേതാക്കളാണ് മടുത്ത് പാര്‍ട്ടി വിട്ടത്. അമരീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷം അവസാനം കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയിരുന്നു. ഇതിനുശേഷം പഞ്ചാബിലും കോണ്‍ഗ്രസിന് കഷ്ടകാലം തുടങ്ങി.
ഒരുകാലത്ത് രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയായിരുന്നു ആര്‍പിഎന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാര്‍, ഗുജറാത്ത് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹര്‍ദിക് പട്ടേല്‍, പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ തുടങ്ങി കപില്‍ സിബലില്‍ എത്തി നില്‍ക്കുന്നു പട്ടിക. ഇനിയും പലരും പോകാനുള്ള തയാറെടുപ്പിലാണ്.
വരുന്ന ഡിസംബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്. ഇപ്പോള്‍ മൂന്നു നേരവും കടുത്ത കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനകളാണ് രാഹുലിന്റെ സുഹൃത്ത് കൂടിയായ ഹര്‍ദിക് നടത്തുന്നത്. ഗുജറാത്തില്‍ പ്രബലരായ പട്ടേല്‍ സമുദായത്തില്‍ വലിയ സ്വാധീനമുള്ള ഹര്‍ദിക്കിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റെങ്കിലും നേടാനായത് പട്ടേല്‍ വിഭാഗം ഒപ്പം നിന്നതിനാലാണ്.
മികച്ച സംഘാടകനായ ആര്‍പിഎന്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് നേരെ പോയത് ബിജെപിയിലേക്കാണ്. ഒരുകാലത്ത് രാഹുലിന്റെ വലംകൈയായിരുന്ന ജിതിന്‍ പ്രസാദയും ജ്യോതിരാദിത്യ സിന്ധ്യയും ഇപ്പോള്‍ ബിജെപിയില്‍ വലിയ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ജിതിന്‍ പ്രസാദ യുപിയില്‍ മന്ത്രിയായപ്പോള്‍ സിന്ധ്യ കേന്ദ്ര മന്ത്രിയാണ്.
അമിതമായ ന്യൂനപക്ഷ പ്രീണനമാണ് പലയിടങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. ഒരു ചെറിയ വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ മറ്റ് സമുദായങ്ങളെയെല്ലാം അവഹേളിക്കുന്ന നയത്തിനെതിരേ കോണ്‍ഗ്രസിനകത്തു നിന്ന് പോലും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നേര്‍ത്തതാണെന്ന് മാത്രം. നേതാക്കളും അണികളും ഒന്നൊന്നായി പാര്‍ട്ടി വിടുമ്പോഴും ഒരു സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താന്‍ പോലും പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.