പിയര്‍ ഗസ്സന്‍ഡി: എപിക്യൂരിയന്‍ ചിന്തകളെ കത്തോലിക്കാ സഭയുടെ ആശയങ്ങളുമായി കോര്‍ത്തിണക്കിയ വൈദികന്‍

പിയര്‍ ഗസ്സന്‍ഡി: എപിക്യൂരിയന്‍ ചിന്തകളെ കത്തോലിക്കാ സഭയുടെ ആശയങ്ങളുമായി കോര്‍ത്തിണക്കിയ വൈദികന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തഞ്ചാം ഭാഗം.

പിയര്‍ ഗസ്സന്‍ഡി എന്ന പേര് ഇന്നത്തെ ലോകത്തിനു തീര്‍ത്തും അപരിചിതമാണെങ്കിലും ശാസ്ത്ര മേഖലയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ശാസ്ത്രത്തെയും കത്തോലിക്കാ വിശ്വാസത്തെയും ഒന്നിച്ചു ചേര്‍ക്കാനുള്ള ആദ്യ മാതൃകകള്‍ അദ്ദേഹത്തിന്റെ ജീവിതതില്‍ കാണാനാകും.

അന്ന് നിലവിലിരുന്ന ശക്തമായ തത്വശാസ്ത്ര ശാഖകളില്‍ ഒന്നായ എപിക്യൂരിയന്‍ ചിന്തകളെ കത്തോലിക്കാ സഭയുടെ ആശയങ്ങളുമായി ചേര്‍ന്ന് പോകത്തക്ക വിധത്തില്‍ പരുവപ്പെടുത്തിയെടുത്ത പിയര്‍ ഗസ്സന്‍ഡിയുടെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ പ്രധാന ശാസ്ത്രീയ സംഭവനകളിലേക്കും ഒന്ന് കണ്ണോടിക്കാം.

ഫ്രാന്‍സില്‍ 1592 ജനുവരി 22 ന് ഒരു കര്‍ഷക കുടുംബത്തിലാണ് പിയര്‍ ഗസ്സന്‍ഡി ജനിച്ചത്. വളരെ ചെറുപ്പം മുതല്‍ തന്നെ അസാധാരണമായ ധൈഷണിക ശക്തി പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിയായിരുന്ന അവന്‍ ഭാഷകളോടും ഗണിത ശാസ്ത്രത്തോടും വളരെ പ്രത്യേകമായ ആഭിമുഖ്യം അദ്ദേഹം പ്രകടിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോളജില്‍ തത്വശാസ്ത്ര പഠനം ആരംഭിച്ചു.

1612 ല്‍ 16-ാം വയസില്‍ digne യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ദൈവശാസ്ത്ര ക്ലാസുകള്‍ നല്‍കി. അവിഞ്ഞോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിന്നീട് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഗ്രീക്ക്, ലത്തീന്‍ ഭാഷകളിലും അദ്ദേഹം അതിനിപുണന്‍ ആയിരുന്നു. 1617 ല്‍ ഗസ്സന്‍ഡി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഇതേ വര്‍ഷം തന്നെ ഒരു തത്വശാസ്ത്ര അധ്യാപകനായി ജോലിയാരംഭിച്ചു.

അരിസ്‌റോട്ടിലിന്റെ ചിന്താ പദ്ധതിയാണ് പ്രധാനമായും അദ്ദേഹം പഠിപ്പിച്ചത്. ഇത് യാഥാസ്ഥിതിക വിശ്വാസവുമായി ചേര്‍ന്നു പോകുന്ന രീതിയിലുള്ള ഒരു തത്വശാസ്ത്ര ശാഖയാണ്. കുറച്ച കാലത്തിനുശേഷം ഗലീലിയോ ഗലീലിയുടെയും ജൊഹാനസ് കെപ്ലറുടെയും കണ്ടുപിടുത്തങ്ങളില്‍ ആകൃഷ്ടനാകുകയും അരിസ്‌റോട്ടിലില്‍ നിന്ന് അകലുകയും ചെയ്തു.

ഇക്കാലയളവില്‍ അദ്ദേഹം അരിസ്റ്റോട്ടിലിന്റെ ചിന്തകളില്‍ നിന്നും കൂടുതല്‍ അകലുകയും അവയോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഒരവസരം കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത് അദ്ദേഹം തന്റെ ചിന്തകള്‍ പ്രസിദ്ധപ്പെടുത്തുന്നില്ല.
വിശ്വാസത്തില്‍ വളരെ ഉറച്ച ഒരു വ്യക്തിയായിരുന്നു പിയര്‍ ഗസ്സന്‍ഡി. ഒരു വൈദികനായിരിക്കെത്തന്നെ പൊതുസമൂഹത്തിലെ ശാസ്ത്ര-സാംസ്‌കാരിക മേഖലകളില്‍ പ്രമുഖരായ പലരുമായും അദ്ദേഹം അടുത്ത വ്യക്തി ബന്ധം പുലര്‍ത്തി.

ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ മേഖലയില്‍ വളരെ മികച്ച സംഭാവനകള്‍ നല്‍കിയ ആളാണ് പിയര്‍ ഗസ്സന്‍ഡി. ബുധന്റെ ഭ്രമണത്തെപ്പറ്റി ആദ്യം നിരീക്ഷണം നടത്തുന്നത് പിയര്‍ ഗസന്‍ഡിയാണ്. 1631 ല്‍ അദ്ദേഹം സൂര്യന്റെ കുറുകെ ഒരു ഗ്രഹം ഭ്രമണം നടത്തുന്നത് നിരീക്ഷിച്ചു. ഇത് കെപ്ലര്‍ നേരത്തെ തന്നെ പ്രവചിച്ചിട്ടുള്ളതായിരുന്നു. ഇതേ വര്‍ഷം തന്നെ ശുക്രന്റെ ഭ്രമണവും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി.

ഇതു കൂടാതെ അന്തരീക്ഷത്തില്‍ നിന്നും പതിക്കുന്ന വസ്തുക്കളുടെ ചലനം സംബന്ധിക്കുന്ന കാര്യങ്ങളും, ഇനെര്‍ഷ്യ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നിരീക്ഷണത്തിനു വിഷയമാക്കി. ഇതില്‍ വസ്തുക്കളുടെ പതനം ഗലീലിയോ പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഗസ്സന്‍ഡി പഠിച്ചത്. ശനിയുടെ വളയങ്ങളും സൂര്യമുഖത്തെ പാടുകളുമെല്ലാം അദ്ദേഹം നിരീക്ഷിച്ചു.

1654 ലെ സൂര്യഗ്രഹണം അദ്ദേഹം കൃത്യമായി പ്രവചിക്കുകയുണ്ടായി. ചന്ദ്രന്റെ ആദ്യ മാപ്പ് തയ്യാറാക്കിയതും ഗസ്സന്‍ഡിയാണ്. അതുപോലെ തന്നെ കോപ്പര്‍ നിക്കസിന്റെ വാദം ക്രൈസ്തവ വിശ്വാസവുമായി ചേര്‍ന്ന് പോകുന്ന പ്രശ്‌നം ഒഴിച്ചാല്‍ ശരിയാകാനാണ് സാധ്യത എന്ന് പറഞ്ഞു അദ്ദേഹം കോപ്പര്‍ നിക്കസിനെ പിന്താങ്ങി.

ഫ്രാന്‍സില്‍ പല പ്രൊവിന്‍സുകളിലൂടെയും ഗവര്‍ണര്‍മാരോടൊപ്പം അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. 1641-1642 കാലയളവില്‍ ഫ്രഞ്ച് തത്വചിന്തകനായ റെനേ ദെക്കാര്‍ട്ടുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ അടിസ്ഥാന ചിന്തകളെ ഗസ്സന്‍ഡി എതിര്‍ത്തു. ഇവര്‍ തമ്മിലുള്ള സംവാദം ഇരുവരും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെനേ ദെക്കാര്‍ട്ടുമായി മാത്രമല്ല അക്കാലത്തെ പ്രസിദ്ധരായ പല തത്വചിന്തകരുമായും അദ്ദേഹം സംവാദം നടത്തിയിട്ടുണ്ട്.

തോമസ് ഹോബ്‌സ്, മെഴ്സീന്‍, സ്വീഡനിലെ ക്രിസ്റ്റിന ഹെര്‍ബെര്‍ട് തുടങ്ങിയവരുമായി അദ്ദേഹം നിരന്തരം ആശയ സംവാദത്തിലും ആശയ കൈമാറ്റത്തിലും ഏര്‍പ്പെട്ടു. empiricist ചിന്തകളെ അദ്ദേഹം കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലെ പ്രമുഖരായ ശാസ്ത്രജ്ഞരെല്ലാം അരിസ്റ്റോട്ടിലിന്റെ ചിന്തകള്‍ക്ക് ഒരു ബദല്‍ അന്വേഷിക്കുകയായിരുന്നു.

ഗസന്‍ഡി ആണ് എപിക്യൂരിയസിന്റെ അറ്റോമിസം കാതോലിക്കാ വിശ്വാസത്തിനോട് ചേര്‍ന്ന് പോകുന്ന രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി യൂറോപ്പില്‍ അവതരിപ്പിക്കുന്നത്. ഈ പ്രപഞ്ചം മുഴുവന്‍ ആറ്റം കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത് എന്ന് എപിക്യൂരിയസിനെപ്പോലെ ഗസ്സന്‍ഡിയും ചിന്തിച്ചു. എന്നാല്‍ എപിക്യൂരിയസില്‍ നിന്നും വ്യത്യസ്തമായി ഈ ആറ്റങ്ങള്‍ അനന്തങ്ങള്‍ അല്ലെന്നും അവ ദൈവം സൃഷ്ടിച്ചെന്നും അദ്ദേഹം ചിന്തിച്ചു.

ഇത്തരത്തില്‍ പ്രപഞ്ചം ദൈവത്തിന്റെ പരിപാലനയില്‍ മുന്നോട്ട് പോകുന്ന ഒരു സംവിധാനമായി അദ്ദേഹം കണക്കാക്കി. ഒരു ഭൗതികവാദി ആയിരുന്നില്ല ഗസന്‍ഡി. പ്രപഞ്ചം അതിഭൗതികമായ ഒരു ശക്തിയുടെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ചിന്തകള്‍ രസതന്ത്രം, ഊര്‍ജ്ജതന്ത്രം എന്നീ മേഖലകളില്‍ മാത്രമല്ല മനശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അദ്ദേഹം ഉപയോഗിച്ചു.

1655 ഒക്ടോബര്‍ 24 നു പിയര്‍ ഗസ്സന്‍ഡി മരണമടഞ്ഞു. സൗമ്യനും സൗഹാര്‍ദ്ദപരമായ പെരുമാറ്റമുള്ളവനും വിനയാന്വിതനും ആത്മാര്‍ത്ഥതയുള്ളവനുമെന്ന് അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്ര ലേഖകര്‍ അദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.