തിരുവനന്തപുരം: പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി. ഭാസ്‌കരന്‍ നായരുടെയും ടി. കമലത്തിന്റെയും വിവാഹത്തിന് വിവാഹത്തിന് 53 വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്‍. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.
കല്യാണം കഴിഞ്ഞ് 53 വര്‍ഷങ്ങള്‍ക്കു ശേഷം പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത് രാജ്യത്തു തന്നെ അപൂര്‍വമാണ്. പാലക്കാട് ശേഖരിപുരം സ്വദേശികളായ ഇരുവരും 1969ലാണ് വിവാഹിതരായത്. മാനസിക വൈകല്യമുള്ള ഏകമകന്‍ ഗോപകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.
സൈനികനായിരുന്ന അച്ഛന്റെ കുടുംബപെന്‍ഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് മകന്‍, അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ അപേക്ഷ നല്‍കിയത്. 1969 ജൂണ്‍ നാലിന് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത് വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 1998ല്‍ കമലവും 2015ല്‍ ഭാസ്‌കരന്‍ നായരും മരിച്ചു.
സൈനിക റെക്കോര്‍ഡുകളില്‍ ഭാസ്‌കരന്‍ നായരുടെ കുടുംബവിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബ പെന്‍ഷന്‍ കിട്ടിയില്ല. വിവാഹിതരില്‍ ഒരാള്‍ മരിച്ചാലും എങ്ങനെ രജിസ്‌ട്രേഷന്‍ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങള്‍ രജിസ്‌ട്രേഷന് ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.
പക്ഷേ, ദമ്പതികള്‍ രണ്ടുപേരും മരിച്ചാല്‍ വിവാഹം എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിയുടെ ഇടപെടല്‍.
2008 ലെ ചട്ടങ്ങളില്‍ ഇതു സംബന്ധിച്ച് വ്യവസ്ഥകള്‍ നിലവിലില്ലാത്തതും വിവാഹം നടന്ന കാലത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം. മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാന്‍ കുടുംബ പെന്‍ഷന്‍ അനിവാര്യമാണെന്നു കണ്ടാണ് പ്രത്യേക ഇടപെടലെന്ന് മന്ത്രി അറിയിച്ചു.
നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റുവാനും വേണ്ടിയാണ്. ആവശ്യമായ സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനയ്ക്കു മുന്‍ഗണന നല്‍കിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.